നാല് വർഷത്തിൽ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനർനിർമ്മിച്ചു: മന്ത്രി ജി.സുധാകരൻ

117

തിരുവനന്തപുരം : ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും 4000 സർക്കാർ കെട്ടിടങ്ങളും പുനർ നിർമ്മിക്കുകയും പുതിയതായി നിർമ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊടിയാടി ജംഗ്ഷനിൽ കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ ആദ്യഘട്ടമായ അമ്പലപ്പുഴ- പൊടിയാടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയിൽ മാത്രമായി 32 പാലങ്ങൾ പുനർനിർമ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണ ചരിത്രത്തിൽ ഇടംനേടിയ പാതയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. അത്യാധുനിക രീതിയിൽ നിർമ്മിച്ച പാതയിൽ നടപ്പാതകളും നാലു ബസ് സ്റ്റോപ്പുകളും 50 സൗരോർജ വിളക്കുകളും സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിൽ വീഴ്ച്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലു വർഷമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണു നടത്തിവരുന്നതെന്നു മാത്യു ടി തോമസ് എം.എൽ എ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തിൽതന്നെ അനവധി പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുകയും പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ സഹകരണം നാടിന്റെ വികസനത്തിന് ആവശ്യമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ (ഹൈവേ) അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

സർക്കാരിന്റെ 2016-17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ആദ്യ അംഗീകാരം ലഭിച്ച പദ്ധതിയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. പാതയുടെ ആദ്യഘട്ടം അമ്പലപ്പുഴ മുതൽ തിരുവല്ല നിയോജക മണ്ഡലത്തിലെ പൊടിയാടി വരെയുള്ള 22.56 കിലോമീറ്റർ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണു പൂർത്തീകരിച്ചിരിക്കുന്നത്. 70.75 കോടി രൂപയാണ് ആദ്യഘട്ട നിർമ്മാണ ചെലവ്. ‘പുതിയ കാലം പുതിയ നിർമ്മാണം’ എന്ന ആശയം ഉൾക്കൊണ്ട് റബർ, പ്ലാസ്റ്റിക്ക്്, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് ഡക്റ്റുകൾ എന്നിവ ഉപയോഗിച്ച് ബി.എം-ബി.സി റോഡാണു നിർമ്മിച്ചിരിക്കുന്നത്.

പാതയുടെ രണ്ടാം ഘട്ടത്തിൽ പൊടിയാടി മുതൽ തിരുവല്ല വരെയുള്ള റോഡാണു പുനർനിർമ്മിക്കുന്നത്. 86 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്കുള്ള ഏക സംസ്ഥാന പാതയാണു തിരുവല്ല-അമ്പലപ്പുഴ റോഡ്.തിരുവല്ല നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറക്കൽ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻകുമാർ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ബിനീഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജശ്രീ, ശ്രീദേവി സതീഷ്‌കുമാർ, അനന്ത ഗോപൻ, ആർ.സനൽകുമാർ, ഫ്രാൻസിസ് ആന്റണി, അലക്സ് കണ്ണമല, വിക്ടർ ടി തോമസ്, എം.ജെ രാജു, ജോ എണ്ണക്കാട്, ബാബു കല്ലുങ്കൽ, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇൻ-ചാർജ് ബി.വിനു, എക്സിക്യൂട്ടിവ് എഞ്ചിനിയർ ആർ.അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS