ഓപ്പറേഷൻ സാഗർ റാണി: 7754 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു

122

തിരുവനന്തപുരം : ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 7754.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 20 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 50,836 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 26 ടൺ കേടായ മത്സ്യമാണ് പിടിച്ചത്. കൊല്ലത്ത് 4700 കിലോയും കോട്ടയത്തു 2555 കിലോയും കേടായ മത്സ്യം പിടിച്ചു. തിരുവനന്തപുരം 13, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 38, കോട്ടയം 24, ഇടുക്കി 4, എറണാകുളം 28, തൃശൂർ 23, പാലക്കാട് 5, മലപ്പുറം 23, കോഴിക്കോട് 17, വയനാട് 5, കണ്ണൂർ 8 കാസർഗോഡ് 6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തിയത്.
ഇത്തരത്തിൽ മത്സ്യം കൊണ്ടു വരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷൻ 50, 58, 59 അനുസരിച്ച് അഞ്ച് ലക്ഷം രൂപ പിഴയും സെക്ഷൻ 59 പ്രകാരം ആറുമാസം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനൽ കുറ്റവുമാണ്. മത്സ്യം കയറ്റി വരുന്ന വാഹനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ലൈസൻസ് നിർബന്ധമാണ്. അതിലുപയോഗിക്കുന്ന പെട്ടികൾ അണുവിമുക്തമാക്കിയിരിക്കണം.

മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലത്തിലുള്ളതായിരിക്കണം. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന മത്സ്യം കണ്ടെത്തിയാൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനും നിയമാനുസൃതം അത് നശിപ്പിച്ചു കളയുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

NO COMMENTS