കാരുണ്യ പദ്ധതി ക്രമക്കേടില്‍ ഉമ്മന്‍ ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

229

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികില്‍സ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ധനമന്ത്രി കെ.എം.മാണിക്കും വിജിലന്‍സിന്റെ ക്ലിന്‍ചിറ്റ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ല, എന്നാല്‍ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി, കെ.എം.മാണി, ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരായിരുന്നു അന്വേഷണം. കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം ചികില്‍സാ സഹായമായി നല്‍കിയില്ല, പദ്ധതിയുടെ ധനസഹായം അനര്‍ഹര്‍ക്കാണ് കൂടുതല്‍ നല്‍കി. ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ ക്രമക്കേടു നടത്തി തുടങ്ങിയ പരാതികളിലായിരുന്നു വിജിലന്‍സ് പരിശോധന നടന്നത്. ഇരുന്നൂറോളം ഫയലുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് കണ്ടെത്തല്‍. ഒ.പി. ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികില്‍സാ സഹായമായ 5000 രൂപ സംഘടിതമായ ശ്രമത്തിലൂടെ ഇടനിലക്കാര്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഒന്നില്‍ ഡിവൈഎസ്പി: ആര്‍.ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മലപ്പുറം സ്വദേശി കൃഷ്ണകുമാറായിരുന്നു പരാതിക്കാരന്‍. റിപ്പോര്‍ട്ട് അടുത്തമാസം കോടതി പരിഗണിക്കും.

NO COMMENTS

LEAVE A REPLY