വയനാട്ടിലെ ആദിവാസി ഭൂമി തട്ടിപ്പ്: അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

176

കല്‍പ്പറ്റ: വയനാട്ടിൽ ആദിവാസികൾക്ക് ഭൂമി നൽകിയതിൽ പരാതി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഏത് വിധത്തിലുള്ള അന്വേഷണം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കെപിസിസിയും വിഷയമന്വേഷിക്കാൻ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
വയനാട്ടിലെ ആദിവാസികളെ പറ്റിച്ച് സാമ്പത്തിക നേട്ടം കൊയ്യുന്ന ഇടനിലക്കാരുടെ കള്ളക്കള്ളി ചൂണ്ടിക്കാട്ടിയ വാർത്ത പുറത്ത് വന്ന ഉടൻ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ ഇടപെട്ടു. കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസി നടപടിയ്ക്കൊരുങ്ങുന്നത്.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ഡിസിസി അദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന് വി.എംസുധീരന്‍ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഉടിതമായ നടപടി സ്വീകരിക്കുമെന്നാണ് സുധീരൻ വ്യക്തമാക്കിയത്. വാർത്തയെത്തുടർന്ന് എസ് സി എസ് ടി കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സ്പെഷ്യൽ സെൽ എഡിജിപിക്ക് നിര്‍ദ്ദേശം നൽകി.
വയനാട്ടിൽ 152 ഏക്കര്‍ ഭൂമി നിസ്സാര വിലക്ക് വാങ്ങി ഇടനിലക്കാരും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജൻസികളും വൻവിലക്ക് ഇത് മറിച്ചു വിൽക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത.
അതേസമയം, വയനാട്ടിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് സികെ ജാനു.വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ് വയനാട്ടിലുള്ളതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY