ഓണം ഘോഷയാത്ര സെപ്റ്റംബർ 16ന്

474

തിരുവനന്തപുരം : ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സെപ്റ്റംബർ 16ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. അന്നു രാവിലെ സംഘടിപ്പിക്കുന്ന വിപുലമായ ടൂറിസം കോൺക്ലേവിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാർ, സെക്രട്ടറിമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. ഇവർ വൈകിട്ട് ഘോഷയാത്രയിലും സംബന്ധിക്കും. ഘോഷയാത്രയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കാനും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനമായി. അദ്ദേഹത്തെ ന്യൂഡൽഹിയിൽ എത്തി നേരിട്ട് ക്ഷണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഘോഷയാത്ര വീക്ഷിക്കാൻ കൂടുതൽ വിദേശ വിനോദസഞ്ചാരികളെ പങ്കെടുപ്പിക്കാൻ പ്രത്യേക ശ്രമമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കും. അതോടൊപ്പം ട്രാവൽ ഏജൻസികളുമായും പങ്കാളിത്തം വർധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തും.

പ്രളയശേഷമുള്ള കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഘോഷയാത്രയിലെ മുഖ്യ വിഷയം. സംസ്ഥാനത്തിന്റെ അതിജീവനത്തിന് പ്രാധാന്യം നൽകും. വിനോദസഞ്ചാരമേഖലയിലെ നേട്ടങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താനാകും വിധമുള്ള ഫ്‌ളോട്ടുകൾ അണിനിരത്തും. വികസനനേട്ടങ്ങൾ, പൊതുവിദ്യാഭ്യാസമേഖല, ആർദ്രത്തിലൂടെ ആരോഗ്യം, ഹരിതകേരളം, ലൈഫ് ഭവനപദ്ധതി, കെയർഹോം, പട്ടികജാതി ഭവന പദ്ധതി, സ്ത്രീശാക്തീകരണം, സാഹസിക വിനോദസഞ്ചാരം, കേരളത്തിലെ ഉത്സവങ്ങൾ, വടക്കൻ കേരളത്തിലെ ടൂറിസം വികസനം, ഭിന്നശേഷി ശാക്തീകരണം രാജ്യത്തിന്റെ ബഹുസ്വരത തുടങ്ങിയ വിഷയങ്ങൾക്ക് വിവിധ വകുപ്പുകൾ ഫ്‌ളോട്ടുകളിൽ ഊന്നൽ നൽകും.

വിവിധ വകുപ്പുകളുടെ തീം സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. പുതിയ ആശയങ്ങൾ നൽകുന്നവർക്ക് സമ്മാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 14ന് മുമ്പ് ആശയങ്ങൾ വകുപ്പുകൾ സമർപ്പിക്കണം. 26ന് രേഖാചിത്രങ്ങളോടെ ആശയങ്ങൾ നൽകണം. ഇത് ടെക്‌നിക്കൽ കമ്മിറ്റി പരിശോധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.

സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ചിന് രാജ്ഭവനുമുന്നിൽ നിന്നാണ് ഓണം ഘോഷയാത്ര ആരംഭിക്കുന്നത്. സെപ്റ്റംബർ ഒൻപതുമുതൽ 16 വരെയാണ് ഇത്തവണ വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഘോഷയാത്രയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കും. കേരളത്തിലെ കലാരൂപങ്ങളുടെ വർണാഭമായ പ്രകടനങ്ങൾക്കൊപ്പം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 ലേറെ കലാസംഘങ്ങളുടെ കലാവിരുന്നും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് ഡയറക്ടർ യു.വി. ജോസ്, ഐ.ടി മിഷൻ ഡയറക്ടർ ഡോ.എസ്. ചിത്ര, കെ.ടി.ഡി.സി എം.ഡി ആർ. രാഹുൽ, കിറ്റ്‌സ് ഡയറക്ടർ ഡോ. രാജശ്രീ അജിത്ത്, അഡീ. കമ്മീഷണർ കെ. സഞ്ജയ് കുമാർ ഗുരുഡിൻ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS