കേരളത്തിലെ കലാരൂപങ്ങള്‍ വിരുന്നെത്തിയ അന്തരീക്ഷത്തില്‍ രാഷ്ട്രപതിഭവന്‍ ഓണം ആഘോഷിച്ചു

232

ദില്ലി: കേരളത്തിലെ കലാരൂപങ്ങള്‍ വിരുന്നെത്തിയ അന്തരീക്ഷത്തില്‍ രാഷ്ട്രപതിഭവന്‍ ഓണം ആഘോഷിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കലാപരിപാടികള്‍ ആസ്വദിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ടപതി ഹമീദ് അന്‍സാരിയും ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്.അത്തതലേന്ന് രാഷ്ടപതിഭവനില്‍ ഓണമെത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയും സാന്നിധ്യത്തില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന കലാവിരുന്ന്. വാദ്യ മഞ്ജരിയില്‍ തുടങ്ങി, മോഹിനിയാട്ടവും കഥകളിയും മയുരനൃത്തവും കേരളനടനവും മാര്‍ഗ്ഗം കളിയുമൊക്കെ അരങ്ങിലെത്തി. തിരുവാതിരക്കളിയും തെയ്യവും ഒപ്പനയും നാനൂറോളം പേര്‍ ഉള്‍പ്പെട്ട സദസ്സ് ആസ്വദിച്ചു. പ്രഭാവര്‍മ്മ എഴുതിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്. കുടുംബത്തോടൊപ്പം എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്പതിക്ക് നന്ദി രേഖപ്പെടുത്തി.
ഗവര്‍ണ്ണര്‍ പി സദാശിവം, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍, എഴു സംസ്ഥാന മന്ത്രിമാര്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍ തുടങ്ങിയ സി പി എം പിബി അംഗങ്ങള്‍, സി പി ഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ, സമാജ്‌വാദി പാര്‍ട്ടി എം പി അമര്‍സിംഗ്, കേരളത്തിലെ എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, എം എ യുസഫ് ആലി, രവി പിള്ള തുടങ്ങിയ വ്യവസായികള്‍ തുടങ്ങി നിരവധി പേര്‍ ഓണാഘോഷത്തിനെത്തി. കലാവിരുന്ന് ഒരുക്കിയവരെ രാഷ്ട്രപതി ആദരിച്ചു. ഇതാദ്യമായാണ് ഇത്രയും വിപുലമായ ആഘോഷത്തിന് ഇന്ത്യയുടെ പ്രഥമപൗരന്റെ വസതി വേദിയായത്.