തൊഴിലാളി ദിനത്തില്‍ – ഐടി തൊഴിലാളികൾ – ബാംഗ്ലൂരിനെ ചുവപ്പണിയിച്ചു

142

ബംഗളൂരു : ചെങ്കൊടികളും ചുവന്ന ബാനറുകളും ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ഐടി തൊഴിലാളികളുടെ ആവേശകരമായ മാര്‍ച്ച്‌. സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ ബാംഗ്ലൂരിനെ ചുവപ്പണിയിച്ചു ഐടി തൊഴിലാളികളുടെ പടുകൂറ്റന്‍ റാലി. കടുത്ത തൊഴില്‍ ചൂഷണം നിലനില്‍ക്കുന്ന ബംഗളൂരുവിലെ ഐടി മേഖലയില്‍ തൊഴിലാളി സംഘടനകളുടെ വര്‍ധിക്കുന്ന സ്വാധീനം വിളിച്ചോതുന്നതായിരുന്നു മെയ് ദിന റാലി. കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലും ബംഗളൂരുവില്‍ ഐടി തൊഴിലാളികള്‍ മെയ് ദിന റാലിയില്‍ പങ്കെടുത്തിരുന്നു. ഒരോ വര്‍ഷവും വര്‍ധിക്കുന്ന പങ്കാളിത്തം കരുത്താര്‍ജ്ജിക്കുന്ന സംഘാടനത്തിന്റെ സൂചനയാണ്.

മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത ചുവന്ന ടീ ഷര്‍ട്ടണിഞ്ഞും നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തു. തൊഴില്‍ ചൂഷണത്തിനും സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ടെക്കികള്‍ റാലിയില്‍ പങ്കെടുത്തത്. മാന്യമായ വേതനം, എട്ടു മണിക്കൂര്‍ തൊഴില്‍ സമയം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമഭേദഗതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉയര്‍ത്തി.

കെഐടിയു നേതൃത്തതില്‍ നടന്ന ശക്തമായ ഇടപെടലുകളുടെയും സമരങ്ങളുടെയും ഫലമായി കര്‍ണാടകയിലെ ഐടി, ഐടി അധിഷ്ഠിത വ്യവസായങ്ങളെ ഇന്റസ്ട്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്സ് ആക്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടി ഈ വര്‍ഷം കര്‍ണാടക സര്‍ക്കാരിന് റദ്ദ് ചെയ്യേണ്ടി വന്നിരുന്നു. ഐടി മേഖലയില്‍ കൂടുതല്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനെന്നപേരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന തൊഴില്‍ ചുഷണങ്ങള്‍ക്കാണ് അതോടെ അറുതിവന്നത്. ചരിത്രപരമായ ഈ വിജയത്തിന്റെ ആവേശം ഇന്നലെ നടന്ന റാലിയില്‍ പ്രകടമായിരുന്നു

എംപിഎസ് ലിമിറ്റഡ് അടക്കമുള്ള ബംഗളൂരുവിലെ പല പ്രമുഖ ഐടി കമ്ബനികളിലും കെഐടിയു യൂണിറ്റ് രൂപീകരിച്ചിരുന്നു. യൂണിറ്റ് രൂപീകരിക്കാന്‍ കഴിയാത്ത കമ്ബനികളിലെ തൊഴിലാളികളും മെയ് ദിന റാലിയില്‍ അണിനിരന്നു. രാവിലെ 10.30ന് ബംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച റാലി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് ഫ്രീഡം പാര്‍ക്കില്‍ സമാപിച്ചു.

കര്‍ണാടകയിലെ ഐടി തൊഴിലാളികളുടെ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തില്‍ സംഘടിപ്പിച്ച മെയ് ദിന റാലിയിലാണ് നൂറുകണക്കിന് ഐടി തൊഴിലാളികള്‍ അണിനിരന്നത്.

NO COMMENTS