മന്ത്രിമാര്‍ വിദേശത്ത് ധനശേഖരണത്തിന് പോകുന്നത് നീട്ടിവെയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി

279

തിരുവനന്തപുരം : മന്ത്രിമാരുടെ സാന്നിധ്യം ആവശ്യമായ സമയത്ത് ധനശേഖരണത്തിന് വിദേശത്ത് പോകുന്നത് നീട്ടിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയ്ക്കു നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.
ദുരിതബാധിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായ പതിനായിരം രൂപ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കണം. വെള്ളപ്പൊക്കം മൂലം വീട് വിട്ടുമാറിയവര്‍, വെള്ളം കയറിയ വീടുകളില്‍ താമസിച്ചവര്‍, മലയിടിഞ്ഞതിനെ തുടര്‍ന്ന് അപകടമേഖലയില്‍ നിന്ന് മാറി താമസിച്ചവര്‍, പ്രളയംമൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പതിനായിരം രൂപ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം വരെയോ സാധാരണ ജീവിതം സാധ്യമാകുന്നത് വരെയോ സൗജന്യറേഷന്‍ നല്‍കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കര്‍ഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളണം. കാര്‍ഷികമേഖലയിലെ നഷ്ടം കണക്കാക്കാനും കര്‍ഷകര്‍ക്ക് നല്‍കേണ്ട സഹായം തീരുമാനിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകണം.

ഓണക്കച്ചടവത്തിന് കടകളില്‍ കൂടുതല്‍ സ്റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ വ്യാപാര വ്യവസായ മേഖലയ്ക്കും കനത്ത നഷ്ടം സംഭവിച്ചു. അവരുടെ നഷ്ടത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കുകയും ബാക്കി തുകയ്ക്ക് ഉദാരമായ ബാങ്ക് വായ്പ ലഭ്യമാക്കുകയും ചെയ്യണം.

എന്നാല്‍ ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ സമാഹരിച്ച സാധനങ്ങള്‍ കരിഞ്ചന്തകളിലും മറ്റും വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ടെന്ന് വര്‍ത്തകളുണ്ടായിരുന്നു. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.

NO COMMENTS