ഓഖി ചുഴലിക്കാറ്റ് ; മരണം 32ആയി, 92 പേര്‍ക്കായി തെരച്ചില്‍ ഇന്നും തുടരും

217

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ്(30) ആണ് മരിച്ചത്. രതീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് മരണം സംഭവിച്ചത്. ഇതോടെ ഓഖിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 32 ആയി. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ 544 പേരെ രക്ഷപ്പെടുത്തി. ഇനിയും 92 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ കടലില്‍ വ്യാപിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാം എന്ന പ്രതീക്ഷയിലാണ് സേനാവിഭാഗങ്ങള്‍. കേരള തീരത്തും ലക്ഷദ്വീപിലുമായി തെരച്ചില്‍ തുടരുന്ന പത്ത് നാവിക കപ്പലുകള്‍ 200 നോട്ടിക്കില്‍ മൈല്‍ അകലെവരെ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ ഇനി മുതല്‍ കൂടുതല്‍ സുഗമമാകുമെന്നാണ് നാവിക സേന ,കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പടെയുള്ള സേനാവിഭാഗങ്ങളുടെ പ്രതീക്ഷ.

ആഴക്കടലില്‍ തെരച്ചിലിന് മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായവുമുണ്ട്. കാണാതായവരില്‍ കൂടുതലും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരായതിനാല്‍ അവിടെ നിന്നുള്ളവരാണ് തെരച്ചില്‍ സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ തിരിച്ചെത്താനുള്ളവരുടെ കണക്കും, ഇതര സംസ്ഥാനങ്ങളില്‍, ലക്ഷദ്വീപിലും സുരക്ഷിതരായവരുടെ കൃത്യമായ വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ തീരത്ത് ഇപ്പോഴും ആശങ്ക തുടരുകയാണ്.
അതേസമയം, കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച നാലുമൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ്, സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. തിരുവനന്തപുരത്ത് 11 പേരുടെയും കൊല്ലത്ത് ഒരാളുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡി. എന്‍.എ., വിരലടയാള പരിശോധനാ നടപടികള്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തും. കാണാതായവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധനയും നടത്തും.

NO COMMENTS