ദൈവമേ – മറ്റുള്ളവർക്കായി പ്രാർത്ഥിക്കാനുള്ള എന്റെ മനസ്സ് നീ നിലനിറുത്തേണമേ – എം .മുകുന്ദൻ

187

എം മുകുന്ദന്റെ ദേവദാരുക്കൾ എന്ന ചെറുകഥ മനോഹരമാണ് മറ്റുള്ളവർക്കായി ജീവിക്കുന്ന ആളാണ് കഥയിലെ നായകൻ. അന്യരുടെ വിഷമങ്ങളും കഷ്ടനഷ്ടങ്ങളും ആണ് അയാളുടെ ജീവിതത്തിന്റെ ആദി. അയാൾ പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ് ദൈവമേ – മറ്റുള്ളവർക്കായി പ്രാർത്ഥിക്കാനുള്ള എന്റെ മനസ്സ് നീ നിലനിർത്തേണമേ .

ആർക്കും ഉപദ്രവങ്ങൾ വരുത്താതിരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് ആർക്കെങ്കിലുമൊക്കെ ഉപകാരം ചെയ്യുക എന്നതും. ഒട്ടും സ്വാർത്ഥത ഇല്ലാതെയുള്ള ജീവിതം ആനന്ദകരമായ സൗഭാഗ്യമാണ്. കൂട്ടു ജീവിതത്തിന്റെ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞ് സ്വന്തം താൽപര്യങ്ങളുടെയും ആവശ്യങ്ങളുടെയും വിജയങ്ങളിലേക്കു മാത്രമായി ചുരുങ്ങുമ്പോഴാണ് ഒരാൾ സ്വാർത്ഥയാവുന്നത്. കൂടെയുള്ളവരുടെ വേദനയോ ആഹ്ലാദമോ അങ്ങനെയുള്ളവരെ തെല്ലും സ്പർശിക്കുകയില്ല. ആരുടെയും ആവശ്യങ്ങൾ അവരെ ബാധിക്കുകയില്ല. ഒരാളുടെയും പ്രതിസന്ധി അവരെ അലോസരപ്പെടുത്തുകയില്ല . വളരെ ചെറിയ ഒരിടത്തെക്കുറിച്ച് മാത്രമേ അവർക്ക് ചിന്തിക്കാനും പറയാനും ഉണ്ടാകു. അത്രതന്നെ ചെറുതുമാ യിരിക്കും അവരുടെ ഹൃദയവും

യഥാർത്ഥ വിശ്വാസി ജനങ്ങളോടൊപ്പം ഉള്ളവനാണ് ആളുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ജീവിക്കുന്നവരെക്കാൾ നല്ലവൻ അവരോടൊപ്പം കഴിയുകയും പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവനാണ്.

സ്വന്തം ആവശ്യങ്ങളെപോലെ അന്യന്റെ ആവശ്യങ്ങളെയും പരിഗണിക്കുവാനും രക്ഷിക്കുവാനും വിശ്വാസിക്ക് സാധിക്കണം കൂട്ടത്തിൽ ഉള്ളവരുടെയും അകലങ്ങളിൽ ഉള്ളവരുടെയും ആധികളും ആകുലതകളും അവന്റെ മനസ്സിൽ വേദനകൾ ആയിത്തീരും. സഹജീവികളുടെ രോഗവും കഷ്ടനഷ്ടങ്ങളും അവന്റെ നിഷ്ക്രിയത്വത്തെ ഇല്ലാതാക്കും. സ്വന്തം കുടുംബത്തിന് കാര്യങ്ങൾ നിർവഹിക്കുന്നത് പോലെ ഇതൊരു ഉത്തരവാദിത്തമായി അവൻ മനസ്സിലാക്കും.ചെയ്യാൻ ആവുന്നതെല്ലാം ചെയ്യും.

ഉപകാരം ചെയ്യുന്നത് പ്രത്യുപകാരം മോഹിച്ചുകൊണ്ട് ആവരുത്. നാം ചെയ്യുന്നതിനുള്ള പ്രതിഫലം നമുക്ക് കിട്ടുക തന്നെ ചെയ്യും. ഒരാൾ പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ട് മറ്റൊരാൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും പാരിതോഷികം സ്വീകരിക്കുകയും ചെയ്താൽ മഹാപാപങ്ങളിലേക്കുള്ള വൻ കവാടം കടക്കുകയാണ് അയാൾ ചെയ്യുന്നത്. സ്വാർത്ഥത രണ്ടുവിധത്തിലുണ്ട്. ആർക്കും ഒരുപകാരം ചെയ്യാതിരിക്കലാണ് ഒന്ന്. മറ്റൊന്ന് ആർക്ക് എന്തു ചെയ്യുമ്പോഴും അതിൽ നിന്ന് വല്ലതും നേട്ടമായി ലഭിക്കണമെന്ന് ആഗ്രഹിക്കലും .

അനാവശ്യമായ ആശങ്കകളിൽ നിന്ന് വിട്ടുനിൽക്കുക കാരണം ആശങ്ക പെരും നുണയാണ്. വകതിരിവില്ലാതെ ഒന്നും ചുഴിഞ്ഞന്വേഷിക്കരുത്. അമിതമായ ആകാംക്ഷ കാണിക്കരുത്. മത്സരങ്ങളിൽ മതി മറക്കരുത്. അസൂയയും വിദ്വേഷവും വച്ചുപുലർത്തരുത്. പരസ്പരം ശത്രുക്കളാവാതെ വിശ്വാസമുള്ള സഹോദരങ്ങളാവുക. ആ സഹോദരനെ പീഡിപ്പിക്കരുത്. ഒറ്റപ്പെടുത്തരുത്. സഹോദരൻ കൊള്ളരുതാത്തവൻ ആണെന്ന് കരുതരുത്. ഒരു സഹോദരന്റെ സമ്പത്ത് മറ്റൊരു സഹോദരന് നിഷിദ്ധമാണ്. വേറൊരാൾക്ക് നഷ്ടം വരുത്തി കൊണ്ട് അയാൾ വാങ്ങുവാൻ ഉദ്ദേശിച്ച വസ്തു നിങ്ങൾ വിൽക്കരുത്. സർവ്വേശ്വരന്റെ അടിമകളാവുക.പരസ്പരം സഹോദരങ്ങളാവുക.

സത്യവിശ്വാസത്തിലും ദൈവസ്നേഹത്തിലും ആയി മുളപ്പിച്ചെടുത്ത വിത്തുകളാണ് സമൂഹത്തിന് നിസ്വാർത്ഥതയുടെ നിഷ്കളങ്ക സാഹോദര്യം ആയി പുഷ്പിക്കുന്നത്

NO COMMENTS