ഡല്‍ഹിയിലെ ആശുപത്രികളില്‍ നഴ്സുമാരുടെ സമരം

232

ന്യൂഡല്‍ഹി: മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരം നടത്തിയ നൂറുകണക്കിന് മലയാളികള്‍ അടക്കമുള്ള ഡല്‍ഹിലെ നഴ്സുമാരെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് പൊലീസ് സ്റ്റേഷനിലടച്ച്‌ ക്രൂര പീഡനം. കേരളത്തിലെ എംപിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളടക്കം നിരവധിപേര്‍ എത്തിയിട്ടും പൊലീസ് പീഡനം തുടര്‍ന്നതോടെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മിക്ക ആശുപത്രികളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.എസ്മ പ്രയോഗിച്ച്‌ സമരത്തെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മലയാളികളടക്കമുള്ള നഴ്സുമാര്‍ മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിലായി. കലാവതി ആശുപത്രിയിലെയും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയും നഴ്സുമാരെയാണ് സമരത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. നേതാക്കള്‍ ഇടപെട്ടെങ്കിലും വെള്ളിയാഴ്ച രാത്രിയായിട്ടും ഇവരെ വിട്ടയച്ചില്ല.

കലാവതി ആശുപത്രിയിലെ നഴ്സുമാര്‍ രാവിലെ എട്ടുമണിക്ക് സമരം തുടങ്ങിയിരുന്നു. ഇവരെ മൂന്നു മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് മന്ദിര്‍ മാര്‍ഗ് സ്റ്റേഷനിലാക്കി. കുടിക്കാന്‍ വെള്ളംപോലും നല്‍കാതെയായിരുന്നു പീഡനം. ഇതോടെ പല നഴ്സുമാരും അവശരായി. ഈ സമയത്തെല്ലാം ജനപ്രതിനിധികള്‍ പുറത്ത് ചര്‍ച്ച നടത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കടുത്ത നടപടിക്ക് നിര്‍ദേശമുണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെ പ്രതിഷേധം ശക്തമായി.
ഡല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഏതാണ്ട് രണ്ടായിരത്തോളം നഴ്സുമാരാണ് ഇന്നലെ സമരത്തിനിറങ്ങിയത്. ഇതോടെ എല്ലാ ആശുപത്രികളുടേയും പ്രവര്‍ത്തനം താറുമാറായി. രണ്ടര വര്‍ഷത്തിലേറെയായി നിരവധി തവണ ശമ്ബള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അത് കേള്‍ക്കാതെ വന്നപ്പോഴാണ് കടുത്ത നടപടിയെന്ന നിലയില്‍ അനിശ്ചിത കാല പണിമുടക്ക് നഴ്സുമാര്‍ പ്രഖ്യാപിച്ചത്.
സമരം ശക്തമായതോടെ രാജ്യ തലസ്ഥാനത്തെ 40 കേന്ദ്ര, സംസ്ഥാന ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനു പകരം എസ്മ പ്രയോഗിച്ച്‌ അവരുടെ സമരം നിരോധിക്കാനും തടങ്കലിലാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഡല്‍ഹി ഭരണം കെജ്രിവാള്‍ സര്‍ക്കാരിനാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായ ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ജുംഗ് ആണ് എസ്മ പ്രയോഗിച്ചത്.

രാജ്യം മുഴുവന്‍ ഈ സമരം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു സംസ്ഥാനങ്ങളിലും ഇന്ന് എസ്മ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ആള്‍ ഇന്ത്യാ നഴ്സസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് അഖിലേന്ത്യാതലത്തില്‍ സമരം ആരംഭിച്ചത്. എന്‍ട്രി പേ ഗ്രേഡ് 4,600 രൂപയില്‍ നിന്ന് 5,400 രൂപയാക്കി ഉയര്‍ത്തണമെന്നും നഴ്സിങ് അലവന്‍സ് 7800 രൂപയാക്കണമെന്നതുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരരംഗത്തു തുടരുമെന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നത്.

ആര്‍.എം.എല്‍. ആശുപത്രിയിലെ നഴ്സുമാര്‍ക്കുനേരെ പൊലീസ് കൈയേറ്റത്തിനും മുതിര്‍ന്നത് വന്‍ ആക്ഷേപത്തിന് വഴിവച്ചിട്ടുണ്ട്. വികാസ്, സീമ എന്നീ നഴ്സുമാരെ നിലത്തിട്ട് വലിച്ചിഴച്ചതോടെ വന്‍ പ്രതിഷേധവുമുണ്ടായി. സമരത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ പൊലീസ് സംഘമെത്തി അതിക്രമം നടത്തുകയായിരുന്നു. മലയാളികളടക്കമുള്ള നൂറുകണക്കിന് നഴ്സുമാരെ കസ്റ്റഡിയിലെടുത്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാക്കി രാത്രി വൈകുംവരെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. ന്യായമായ ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാരും ആം ആദ്മി സര്‍ക്കാരും മുഖംതിരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY