ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് കൃഷി നനയ്ക്കാം

113

തിരുവനന്തപുരം : മൊബൈൽ ഫോൺ ഉപയോഗിച്ച് കൃഷി നനയ്ക്കാനുള്ള സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം കല്ലറ ജിവിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥികളായ അനൂപ് ആർ കൃഷ്ണനും ജാസിം അൻവറും. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം രണ്ടാംദിനത്തിലാണ് പെരുമ്പിലാവ് ടിവിഎം എച്ച്എസ്എസിൽ നടന്ന മത്സരത്തിൽ ഇവർ തങ്ങളുടെ പുത്തൻ പരീക്ഷണം അവതരിപ്പിച്ചത്.

മൊബൈൽ ഐഒടി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ കണ്ടുപിടുത്തം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പൂന്തോട്ടത്തിലെ ചെടികളും, പാടങ്ങളിലുൾപ്പടെയുള്ള കൃഷികളും എത്ര ദൂരത്തിരുന്നും, വ്യക്തികളുടെ അഭാവത്തിലും നനയ്ക്കാൻ ഉള്ള സൗകര്യമാണിത്. കൃഷിസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ മൊബൈൽ ഐഒടി വഴി ഉടമയുടെ ഫോണുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം.

ഓട്ടോമാറ്റിക്ക് ആയും, മാനുവൽ ആയും, ടൈമർ ഉപയോഗിച്ചും ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ടൈമർ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ വെള്ളം പമ്പ് ചെയ്യാം. സ്മാർട്ട് ഫോണിൽ അനുബന്ധ സോഫ്റ്റവേർ ഇൻസ്റ്റാൾ ചെയ്ത് ലോകത്തെവിടിരുന്നും കൃഷിസ്ഥലത്തെ ജലസേചനം സമയം ലാഭിച്ച് നിർവഹിക്കാം എന്നതാണ് ഈ നവീന കണ്ടുപിടുത്തത്തിന്റെ മികവ്. വൈ ഫൈ സംവിധാനം ഉപയോഗിച്ചാണ് സെൻസറിന്റെയും അനുബന്ധ യൂണിറ്റിന്റെയും പ്രവർത്തനം.

അനുബന്ധ യൂണിറ്റ് മോട്ടോർ പമ്പിങ്ങുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം. ഇതിനൊപ്പം സ്ഥലത്ത് എന്ത് നടക്കുന്നു എന്ന് മൊബൈൽ ക്യാമറയിൽ കാണാനും സാധിക്കും. ശബ്ദ സന്ദേശം ഉപയോഗപ്പെടുത്തി നിർദേശം നൽകാനുള്ള സൗകര്യവും ഉണ്ട്.

NO COMMENTS