നിമിഷ എന്ന ഫാത്തിമയെ മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്നു നിമിഷയുടെ മാതാവ് ബിന്ദു

145

തിരുവനന്തപുരം: കാണാതായ തന്റെ മകള്‍ നിമിഷ എന്ന ഫാത്തിമയെ മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്നു നിമിഷയുടെ മാതാവ് ബിന്ദു.
നിമിഷയ്ക്കും മരുമകന്‍ ഇസയ്ക്കും ഐ.എസ്. ബന്ധമുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും ബിന്ദു തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍വച്ചാണ് നിമിഷ ആറ്റിങ്ങല്‍ സ്വദേശിയെ പരിചയപ്പെടുന്നത്. ഇരുവരും അടുപ്പത്തിലാകുകയും ഇയാളെ വിവാഹം കഴിക്കാനായി നിമിഷ മതം മാറുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകളെ മതംമാറ്റിയത് ഇസയാണെന്ന പ്രചരണം തെറ്റാണ്. ആറ്റിങ്ങല്‍ സ്വദേശിയില്‍നിന്ന് ഗര്‍ഭിണിയായ നിമിഷയെ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു. പിന്നീട് ഇയാള്‍ നിമിഷയില്‍നിന്ന് അകന്നു. ഈ വിവരങ്ങള്‍ തനിക്ക് നേരത്തെ അറിയില്ലായിരുന്നു.
കാസര്‍ഗോഡ് പൊയ്നാച്ചിയിലെ ഡെന്റല്‍ കോളജിലെ മകളുടെ സഹപാഠി പറഞ്ഞാണ് ഇപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും ബിന്ദു പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ തന്നെ കാണണമെന്നാവശ്യപ്പെട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ച്‌ ശല്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കും.
നിമിഷയ്ക്കും ഭര്‍ത്താവിനും വിദേശ സംഘടനകളുമായി ബന്ധമുള്ളതായി അറിയില്ല. ഇസയും തന്റെ മകളും വിദേശത്ത് ജോലിക്കു പോയതാണെന്നു പോലീസ് പറഞ്ഞ അറിവാണ് ഉള്ളത്. മകളെ കാണാതായെന്നു കാസര്‍ഗോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാത്രമാണ് അവള്‍ മതം മാറി വിവാഹം കഴിച്ച കാര്യം അറിഞ്ഞതെന്നും ബിന്ദു പറഞ്ഞു.
നിമിഷയുടെ ഭര്‍ത്താവ് ഇസയും മുമ്ബ് വിവാഹം കഴിച്ചിരുന്നു. ആ ബന്ധം ഒഴിഞ്ഞതിനു ശേഷമാണ് നിമിഷയുമായുള്ള വിവാഹം നടന്നത്. അവര്‍ താമസിച്ചിരുന്ന വീട്ടില്‍ പലതവണ പോയിട്ടുണ്ട്. അപ്പോഴൊന്നും അവര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. വിവാദങ്ങളുണ്ടാക്കാതെ മകളേയും മരുമകനേയും തിരിച്ച്‌ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.