ഇനി ഏഴ് ദിവസം നിശാഗന്ധിയിലെ രാവുകള്‍ സംഗീത സാന്ദ്രം

54

ഇനിയുള്ള ദിവസങ്ങളില്‍ കനകക്കുന്ന് നിശാഗന്ധിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് സംഗീത വിരുന്നിന്റെ രാവുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും വൈകു ന്നേരം ഏഴിന് സംഘടിപ്പിക്കു കലാപരിപാടികളില്‍ സംഗീത പരിപാടികള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുത്.

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ദിനമായ മെയ് 27ന് മേള കൊഴുപ്പിക്കാന്‍ ‘പാട്ടും പറച്ചിലു മായി’ ഊരാളി ബാന്‍ഡ് കനകക്കുന്നിലെത്തും. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളി ബാന്‍ഡ് പുരോഗമന രാഷ്ട്രീയ തുറന്നുപറച്ചിലുകളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. 2010 മുതല്‍ കേരളത്തിനകത്തും പുറത്തുമുള്ള വേദികളിലെ നിറസാന്നിധ്യമായ ഊരാളി പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാത്ത വിഷയങ്ങളെ സംഗീതം കൊണ്ട് ശ്രദ്ധാ കേന്ദ്രമാക്കിയിട്ടുണ്ട്.

മലയാളി കേട്ടുശീലിച്ച സംഗീതവഴികള്‍ക്ക് പുറമെ ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഊരാളിയുടെ സംഗീതാവതരണം വളരെ പെട്ടെന്നാണ് യുവമനസുകളില്‍ ഇടംനേടിയത്. പെറുവില്‍ നിന്നുള്ള കഹോണ്‍ പെറുവാനോ, ചിലിയില്‍ നിന്നുള്ള തുത്രൂക്ക, കൊളംബിയന്‍ സംഗീതോപകരണമായ പഹരീത്തോ, ജിമ്പേ തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഊരാളി സംഗീതപരിപാടിക്കായി ഉപയോഗിക്കുന്നത്.

ഗായകനും നാടക പ്രവര്‍ത്തകനുമായ മാര്‍ട്ടിന്‍ ജോണ്‍, ഗിത്താര്‍ വാദകനായ സജി, പാട്ടെഴുത്തുകാരനായ ഷാജി, വാദ്യസംഗീത ജ്ഞനും ചിത്രകാരനുമായ സുധീഷ്, ജെയ്‌ജെ, അര്‍ജുന്‍, സൗണ്ട് ഡിസൈനര്‍ അലക്‌സ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. സംഗീതത്തോടൊപ്പം തന്നെ ഊരാളി പ്രേക്ഷകരോട് സംവദിച്ച ശക്തമായ രാഷ്ട്രീയവും ചര്‍ച്ചയായി. ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിലും ആര്‍ത്തവം സംബന്ധിച്ച വിവേചനത്തിനെതിരെയും ദളിത് ആദിവാസി വിഷയങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ഊരാളി ശക്തമായ സാന്നിധ്യമായി.

രണ്ടാം ദിവസം മെയ് 28ന് പ്രശസ്ത സൂഫി ഗായകനായ സമീര്‍ ബിന്‍സിയും സംഘവും സൂഫി സംഗീതം അവതരിപ്പിക്കും. മൂന്നാം ദിവസം മെയ് 29ന് കൊല്ലം ശാസ്താംകോട്ട കനല്‍ മ്യൂസിക് ബാന്‍ഡിന്റെ നാടന്‍പാട്ടും തുടര്‍ന്ന് അന്നേ ദിവസം തന്നെ കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയുടെ 45 കലാകാരന്മാര്‍ മലയാള കാവ്യകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ദൃശ്യ – ശ്രവ്യ പരിപാടിയായ സര്‍ഗകേരളവും ഉണ്ടാകും. നാലാം ദിവസം മെയ് 30ന് തിരുവനന്തപുരം നാട്യവേദ കോളേജ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറും.

മെയ് 31ന് വിവിധ സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തൃശൂര്‍ ആട്ടം കലാസമിതി ഒരുക്കുന്ന ഫ്യൂഷന്‍ സംഗീതം. ജൂണ്‍ ഒന്നിന്് മലയാളിയുടെ പ്രിയ കവി ഒ.എന്‍.വിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ഓര്‍മകളില്‍ ഒ.എന്‍.വി’ എന്ന പരിപാടിയുമായി പ്രശസ്ത പിന്നണിഗായികയും ഒ.എന്‍.വിയുടെ കൊച്ചുമകളുമായ അപര്‍ണ രാജീവ് നിശാഗന്ധിയില്‍ സംഗീതനിശയൊരുക്കും. ജൂണ്‍ രണ്ടിന് പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും നയിക്കുന്ന സംഗീത പരിപാടിയോടെ കലാപരിപാടികള്‍ക്ക് സമാപനമാകും.

NO COMMENTS