ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

204

കണ്ണൂര്‍ • പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സ്വദേശി മന്‍ഷിത്, കോയമ്ബത്തൂര്‍ സ്വദേശി അബൂബഷീര്‍, തൃശൂര്‍ സ്വദേശി സാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫാന്‍, കോഴിക്കോട് സ്വദേശികളായ ജാസിം, റംഷീദ് എന്നിവരാണ് അറസ്റ്റിലായത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ വനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചു പേരെയാണ് കനകമലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷീദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്. വന്‍ പൊലീസ് സന്നാഹത്തോടെ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കു മുന്‍പാണു തിരച്ചില്‍ തുടങ്ങിയത്. കസ്റ്റഡിയിലുള്ളവരുമായി എന്‍ഐഎ സംഘം മടങ്ങി.