കശ്മീരികളെ ഒറ്റപ്പെടുത്തരുതെന്ന് യുസഫ് തരിഗാമി

164

കശ്‍മീരികളെ ഒറ്റപ്പെടുത്തരുതെന്ന് യൂസഫ് തരിഗാമി. പ്രശ്നപരിഹാരത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറരുതെന്നും സി.പി.എം ജമ്മു കശ്‍മീര്‍ സെക്രട്ടറിയും എം.എല്‍.എയുമായ യൂസഫ് തരിഗാമി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ നരേന്ദ്രന്‍ അനുസ്മരണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു തരിഗാമി.
ഇന്നത്തെ കശ്‍മീരിനെ കുറിച്ചാണ് ചടങ്ങില്‍ തരിഗാമി സംസാരിച്ചത്. അക്രമങ്ങളും കൊള്ളിവയ്പും വെടിയൊച്ചയും നിത്യജീവിതത്തിന്റെ ഭാഗമായ കശ്‍മീരില്‍. പ്രത്യേകാധികാരം കയ്യാളുന്ന സൈന്യം ജനതയെ അടിച്ചമര്‍ത്തുന്നു. ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെട്ടേ മതിയാകൂ. ചര്‍ച്ചകള്‍ ക്രിയാത്മകമാകണം. പരിഹാരം വൈകരുതെന്ന് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു..
കശ്‍മീര്‍ പ്രശ്നത്തിന് പട്ടാളനടപടിയിലൂടെ പരിഹാരം കാണാനാകില്ല. ജനജീവിതം ദുസ്സഹമായത് ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും തരിഗാമി പറഞ്ഞു. കശ്‍മീര്‍; മുന്നോട്ടുള്ള യാത്ര എന്ന വിഷയത്തിലായിരുന്നു യൂസഫ് തരിഗാമിയുടെ പ്രഭാഷണം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലായിരുന്നു സംവാദം.