ആശുപത്രിയില്‍ വെച്ച് ജീവനക്കാരിയെ സഹജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

146

രാജ്യത്തിന് മുഴുവന്‍ അപമാനമായി മറ്റൊരു കൂട്ടബലാത്സംഗക്കേസ് കൂടി ഇന്ന് പുറത്തുവന്നു. ഹരിയാനയിലെ ഗുഡ്‍ഗാവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റഡറെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ച പൊലീസ്, ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ 30ന് നടന്ന സംഭവം പക്ഷേ ചൊവ്വാഴ്ചയാണ് പുറം ലോകം അറിഞ്ഞത്. രാത്രിയില്‍ ജോലിയിലുണ്ടായിരുന്ന അറ്റന്‍ഡറെ ഇരുവരും ചേര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി ഉടന്‍തന്നെ ആശുപത്രിയിലെ മറ്റ് ജീവനക്കാരെ വിവരമറിയിക്കുകയും ഇവര്‍ ഗുഡ്ഗാവ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി നല്‍കുകയും ചെയ്തു.
പൊലീസ് സ്ഥലത്തെത്തി പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആരോപണ വിധേയരായ രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിലും കൂട്ടബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മണി റാം, ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയായ പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 376 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു