വയനാട്ടിലെ തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്

157

കല്‍പ്പറ്റ: ബോണസും ആനൂകൂല്യങ്ങളും ലഭിക്കാത്തിനെ തുടര്‍ന്ന് വയനാട്ടിലെ തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സര്‍ക്കാരുമായുണ്ടാക്കിയ ധാരണകള്‍ ഉടമകള്‍ തെറ്റിക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം.തോട്ടം തോഴിലാളികളുടെ മുന്‍ സമരകാലത്ത് ഉടമകളും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയതാണ് കൂലിവര്‍ദ്ധനവും മറ്റാനുകൂല്യങ്ങളും. ഇതില്‍ വര്‍ദ്ധിപ്പിച്ച കൂലിയില്‍ ഇപ്പോള്‍ ജോലി ചെയ്യാനാകുന്നുണ്ടെങ്കിലും കുടിശിക ലഭിച്ചിട്ടില്ല. ഹാരിസണ്‍ തോട്ടങ്ങളിലാണ് എറ്റവുമധികം പ്രതിസന്ധിയുള്ളത്. കുടിശികയും ബോണസുമൊക്കെ തരുമെന്ന് നിരന്തരം പറയാറുണ്ടെങ്കിലും നടക്കുന്നില്ല. എസ്റ്റേറ്റിലെ താമസ സൗകര്യങ്ങളാണെങ്കില്‍ ഇപ്പോഴും പഴയ പടിയാണ്. തൊഴിലാളികള്‍ക്ക് നല്ല രീതിയില്‍ ചികില്‍സ നല്‍കാനും പല തോട്ടമുടമകളും തയാറാകുന്നില്ല. ഇതോടെയാണ് തോഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത്. എഐടിയുസി സമരം തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. സിഐടിയുവും ഐഎന്‍ടിയുസിയും ഉടന്‍തന്നെ തീരുമാനമെടുക്കും. സമരം പ്രഖ്യാപിച്ചാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇവരോക്കെ. ഇക്കാര്യത്തില്‍ യൂണിയനുകളെല്ലാം ഒറ്റക്കെട്ടാണുതാനും. വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപടെണമെന്ന ആവശ്യവും തൊഴിലാളികള്‍ക്കുണ്ട്.