ദേശീയ ഗാനം ആലപിക്കുന്നത് നിരോധിച്ച സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു

1421

അലഹാബാദ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ ഗാനം ആലപിക്കുന്നത് നിരോധിച്ച സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. ദേശീയ ഗാനം ആലപിക്കുന്നതും വന്ദേമാതരവും സരസ്വതി വന്ദനവും ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആരോപിച്ചാണ് സ്‌കൂള്‍ മാനേജര്‍ സിയ ഉള്‍ ഹഖ് സ്കൂളില്‍ ദേശീയ ഗാനം വിലക്കിയത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു.
സായ്ദാബാദിലെ സ്‌കൂളില്‍ 330 കുട്ടികള്‍ പഠിക്കുന്നുണ്ട്. 20 അധ്യാപകരുണ്ട് ഈ സ്‌കൂളില്‍. മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏതാനും അധ്യാപകരും ജീവനക്കാരും സ്‌കൂളില്‍ നിന്ന് രാജിവച്ചിരുന്നു. പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരാണ് രാജിവച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ദേശീയ ഗാനം ആലപിക്കേണ്ടന്ന തീരുമാനം മാനേജര്‍ പ്രഖ്യാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ റിതു ശുഭ പറഞ്ഞു.
ദേശീയ ഗാനവും സരസ്വതി വന്ദനവും വന്ദേമാതരവും പ്രത്യേക സമുദായത്തിന്‍റെ വിശ്വാസത്തിന് എതിരാണെന്ന് മാനേജര്‍ പറഞ്ഞു. തന്‍റെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് സ്‌കൂളില്‍ നിന്ന് രാജിവച്ച് പോകാമെന്നും മാനേജര്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ രാജിവച്ചത്.