തൃശൂരില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

195

തൃശൂര്‍: കുര്യച്ചിറയില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. കരിവന്നൂര്‍ സ്വദേശി അന്‍സാര്‍,മഹാരാഷ്ട്ര സ്വദേശി അരവിന്ദ് സേട്ട് എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുര്യച്ചിറയിലുള്ള സ്വര്‍ണാഭരണശാലയിലെ ജീവനക്കാരന്‍ ആന്റോയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഘത്തിലെ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
പണി തീര്‍ന്ന ആഭരണങ്ങളുമായി ബൈക്കില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ആന്റോ. ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെ കടകളിലേക്ക് എത്തിക്കാനുള്ളതായിരുന്നു ആഭരണങ്ങള്‍. കാറിലെത്തിയ സംഘം കുര്യച്ചിറ പള്ളിക്ക് സമീപത്ത് വച്ച് ആന്റോയെ ആക്രമിച്ച് മൂന്നര കിലോ സ്വര്ണം തട്ടുകയായിരുന്നു.
അക്രമി സംഘത്തില്‍ ആകെ ആറ് പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലെ പ്രധാനികളായ അന്‍സാര്‍, സ്വര്‍ണ വ്യാപാരിയായ അരവിന്ദ് സേട്ട് എന്നിവരാണ് പിടിയിലായത്. സംഭവശേഷം വിദേശത്തേക്ക് കടന്ന അന്‍സാറിനെ വിദഗ്ധമായി നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് ഒരു കിലോ സ്വര്ണവും കണ്ടെടുത്തിട്ടുണ്ട്. ഇനി നാല് പേരാണ് പിടിയിലാവാനുള്ളത്. ഇതില്‍ രണ്ട് പേര്‍ വിദേശത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.

NO COMMENTS

LEAVE A REPLY