സിപിഎമ്മില്‍ പിബി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം വരുന്നു

166

ദില്ലി: സിപിഎമ്മില്‍ പിബി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം വരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഓരോ അംഗവും പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് പിബിയില്‍ അവതരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

സംഘടന ശക്തിപ്പെടുത്താന്‍ കേന്ദ്രനേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ വേണമെന്ന് കൊല്‍ക്കത്തയില്‍ നടന്ന സിപിഎം പ്ലീനം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം വരുന്നത്. കേന്ദ്രകമ്മിറ്റിക്കു മുമ്പാകെ വയ്ക്കാന്‍ പിബി തയ്യാറാക്കിയ രേഖയില്‍ ഇതിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തി.
എല്ലാ പിബി അംഗങ്ങളും അവരുടെ പ്രവര്‍ത്തനം എന്തെന്ന് ഇനി പാര്‍ട്ടിയെ അറിയിക്കണം. സാധാരണ സ്വകാര്യ കമ്പനികളില്‍ കാണുന്നത് പോലെ സ്വയം വിലയിരുത്തലിനുള്ള സംവിധാനം ഉണ്ടാക്കും. എല്ലാവര്‍ഷം അംഗം താന്‍ ചെയ്ത കാര്യങ്ങള്‍ എഴുതി നല്കണം. ഇത് പിബി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വയ്ക്കും. വര്‍ഷങ്ങളായി പിബിയില്‍ തുടരുന്ന പലര്‍ക്കും അവരുടെ ചുമതലയുള്ള സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി വളര്‍ത്താനാവുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിബിയില്‍ ഒരുമ വേണമെന്ന നിര്‍ദ്ദേശം രേഖ ആവര്‍ത്തിക്കുന്നു. വിശാഖപട്ടണത്തെ ഭിന്നതകള്‍ പഴങ്കഥയാക്കി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പിബിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തണം എന്ന നിര്‍ദ്ദേശവുമുണ്ട്.
വിഎസ് അച്യുതാനന്ദനെതിരെയുള്ള പരാതികള്‍ പരിഗണിക്കുന്ന പിബി കമ്മീന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ പിബി തീരുമാനിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ യോഗം വിളിക്കാനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്തയാഴ്ച ഇക്കാര്യത്തില്‍ ധാരണയുണ്ടാകും എന്ന സൂചനയാണ് നേതാക്കള്‍ നല്കുന്നത്.