കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെ അന്വേഷണ വിധേയമായി ഡിജിപി സസ്പെന്റ് ചെയ്തു

181

രാവിലെ കോഴിക്കോട് ഐസ്ക്രീം കേസ് പരിഗണിക്കുന്ന കോടതിക്ക് പുറത്തുനിന്ന മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ അകാരണമായി മര്‍ദ്ദിക്കുകയും ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് എഡിജിപിയോട് സംഭവത്തില്‍ അന്വേഷണം നടത്തി ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ലോക്നാഥ് ബെഹറ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അല്‍പം മുമ്പ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്ഐ വിമോദ് കുമാര്‍ പരിധിവിട്ട് പ്രവര്‍ത്തിച്ചെന്നും ആരുടെയും നിര്‍ദ്ദേശമില്ലാതെയാണ് മാധ്യമ പ്രവര്‍ത്തകരെ എസ്.ഐ തടഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ വിമോദിനെ ഉടന്‍ സസ്പെന്റ് ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടത്.