കണ്ണൂരില്‍ ടോള്‍ബൂത്തിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

183

കണ്ണൂര്‍: കണ്ണൂര്‍ മുഴുപ്പിലങ്ങാട് ടോള്‍ബൂത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്ത് മാനേജര്‍ നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്.
കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ടോള്‍ബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടോള്‍ പിരിക്കുന്ന മൂന്ന് ജീവനക്കാരികളും മാനേജറും മറ്റൊരു ജീവനക്കാരനുമാണ് ബൂത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ടോള്‍ ബൂത്ത് പൂര്‍ണമായി തകര്‍ന്നു. എതിര്‍വശത്തുണ്ടായിരുന്ന രണ്ട് കാറുകളും തകര്‍ന്നു. ലോറിക്കടിയില്‍പ്പെട്ട മാനേജര്‍ നാറാത്ത് സ്വദേശി സഹദേവന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലത, സംഗീത, ജിഷ, സൂരജ് എന്നീ ജീവനക്കാരും കാര്‍ ഡ്രൈവര്‍മാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവരെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്.
തലശ്ശേരിയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറി ഡ്രൈവര്‍ അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.