രാത്രി സാമൂഹിക വിരുദ്ധരും പകല്‍ ഗോരക്ഷാ പ്രവര്‍ത്തനവുമെന്ന് മോദി

198

ഗോ രക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഗോരക്ഷയുടെ പേരില്‍ ആക്രമം നടത്തുന്നത് സാമൂഹിക വിരുദ്ധരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ടൗണ്‍ ഹാള്‍ സംവാദത്തിനിടെയായിരുന്നു ഗോരക്ഷയുടെ പേരില്‍ നടത്തുന്ന അക്രമങ്ങളെ മോദി വിമര്‍ശിച്ചത്.
ഗോ രക്ഷയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഇന്ന് പ്രതികരിച്ചത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ വ്യാപകമായ പ്രചരണത്തിന് ഉപയോഗിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ആയുധമാക്കാനും തുടങ്ങിയപ്പോഴാണ് മൗനം ഭഞ്ജിക്കാന്‍ പ്രധാനമന്ത്രി തയ്യാറായത്. രാത്രി സമയത്ത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണ് പകല്‍ സമയത്ത് മുഖംമൂടിയണിഞ്ഞ് ഗോ രക്ഷാ പ്രവര്‍ത്തകരെന്ന പേരില്‍ ആക്രമണം നടത്തുന്നവരെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങളറിഞ്ഞപ്പോള്‍ തനിക്ക് വലിയ ദേഷ്യമാണുണ്ടായതെന്നും മോദി പറഞ്ഞു.