ആലപ്പുഴയില്‍ രൂക്ഷമായ കടലാക്രമണം

189

ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം. പുന്നപ്രയില്‍ ഇരുപതിലേറെ വള്ളങ്ങള്‍ തകര്‍ന്നു. എഞ്ചിനുകളും വലകളും നഷ്‌ടപ്പെട്ടു. നൂറിലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് കടല്‍ ക്ഷോഭം ശക്തമായത്. കടലില്‍ നങ്കൂരമിട്ട വള്ളങ്ങള്‍ ഏതാണ്ടെല്ലാം തകര്‍ന്നു. ചില വള്ളങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. തകര്‍ന്നവയില്‍ ചെറുവള്ളങ്ങളും വലിയ വള്ളങ്ങളും ഉള്‍പ്പെടും. നിരവധി എഞ്ചിനുകള്‍ കാണാതായിട്ടുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന വലകളും നശിച്ചു. നാശനഷ്‌ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. ഒരു വള്ളത്തിന് തന്നെ ലക്ഷങ്ങള്‍ വിലവരും. പുന്നപ്രയിലെ നൂറിലധികം മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ കടലാക്രമണം പ്രതിസന്ധിയിലാക്കി.
നേരത്തെ അമ്പലപ്പുഴയിലെ നിരവധി വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇത്രയേറെ വള്ളങ്ങള്‍ ഒന്നിച്ച് തകരുന്നത് ഇതാദ്യമായാണ്. ശാന്തമായിരുന്ന കടല്‍ പെട്ടെന്നാണ് ക്ഷോഭിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു. രാവിലെ കിലോമീറ്ററുകളോളം വാഹനങ്ങള്‍ സ്തംഭിച്ചു.

NO COMMENTS

LEAVE A REPLY