കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ പാര്‍ലമെന്‍റംഗങ്ങള്‍

186

കുവൈത്ത്: കുവൈത്ത് അമീറിനെ ഇറാന്‍ ന്യൂസ് എജന്‍സിയിലൂടെ അപകീര്‍ത്തിപെടുത്തിയതിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്ത്. ഇറാന്‍ ക്ഷമായാചനം നടത്താന്‍ തയാറായില്ലെങ്കില്‍ ടെഹ്‌റാനില്‍നിന്ന് കുവൈറ്റ് അംബാസഡറെ തിരിച്ചുവിളിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു
അറബ് ഉച്ചകോടിയില്‍ ഇറാനെ വിമര്‍ശിച്ച കുവൈത്ത് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫാര്‍സ് ന്യൂസ് ഏജന്‍സിയിലൂടെ ഇറാന്‍ പ്രസ്താവന നടത്തിയതിനെതിരേയാണ് എംപിമാര്‍ ശക്തമായി അപലപിച്ചത്.
കുവൈറ്റിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഔദ്യോഗികമായി ക്ഷമായാചനം ആവശ്യപ്പെടണമെന്നും എംപി അബ്ദുള്ള അല്‍ തുറൈജി ആവശ്യപ്പെട്ടു. ഇറാന്‍ ക്ഷമായാചനം നടത്താന്‍ തയാറായില്ലെങ്കില്‍ ടെഹ്‌റാനില്‍നിന്ന് കുവൈറ്റ് അംബാസഡറെ തിരിച്ചുവിളിക്കണമെന്നും രാജ്യത്തിന്റെ അധ്യക്ഷനെ അധിക്ഷേപിച്ച ഇറാനെതിരേ നയതന്ത്ര നടപടികള്‍ സ്വീകരിക്കണം. കുവൈറ്റിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായി കൈകടത്തുന്നത് ദേശീയ അസംബ്ലി അനുവദിക്കില്ല. ഇതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടി പ്രതീക്ഷിക്കുന്നതായി അല്‍ തുറൈജി പറഞ്ഞു.
വിഷയത്തില്‍ ,അസംബ്ലിയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടുകയോ പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ യോഗം വിളിച്ചുകൂട്ടുകയോ ചെയ്യണമെന്ന് എം.പിമാരായ മൊഹമ്മദ് അല്‍ ജാബ്രിയും,അഹമദ് അല്‍ അസ്മിയും ആവശ്യപ്പെട്ടിട്ടുണ്ട്.