രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് വെക്കണമെന്ന് ഗവര്‍ണര്‍

172

തിരുവനന്തപുരം: രാജ്ഭവന്റെ ഉടമസ്ഥതിയിലുള്ള മുഴുവന്‍ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വെക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം.നമ്പര്‍ പ്ലേറ്റ് വെക്കാത്തത് ഗതാഗത നിയമലംഘനമാണെന്ന ഗതാഗത കമ്മീഷണറുടെ നോട്ടീസിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നടപടി.
രാജ്ഭവനില്‍ ഗവര്‍ണറുടേതല്ലാത്ത വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വെക്കണമെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 12ാം തീയതിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.
നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാത്തത് മോട്ടോര്‍ വാഹന നിയമങ്ങളുടെ ലംഘനമാണെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ ഇത് ബാധകമാക്കിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അനധികൃതമായി സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡുകള്‍ വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെ ഓപ്പറേഷന്‍ ബോസ് എന്ന പേരില്‍ പരിശോധന ആരംഭിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഗതാഗത വകുപ്പിന്റെ നടപടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ ഔദ്യോഗിക വാഹനം ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റ് വെയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
കേരള രാജ്ഭവന്‍ എന്നെഴുതിയ ബോര്‍ഡുകള്‍ക്ക് ഒപ്പം തന്നെയായിരിക്കും നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കുക. ഗവര്‍ണറുടേതൊഴികെയുള്ള വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ ലൈറ്റ് ഒഴിവാക്കണമെന്ന് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇതില്‍ തീരുമാനമായിട്ടില്ല.

NO COMMENTS

LEAVE A REPLY