കോടതി നടപടികൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്

160

കൊച്ചി: കോടതി നടപടികൾ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. മാധ്യമപ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദ്ദേശം.
അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച രണ്ട് ദിവസം ഹൈക്കോടതി നടപടികൾ അഭിഭാഷകർ ബഹിഷ്കരിച്ചിരുന്നു. വഞ്ചിയൂർ, കൊല്ലം ജില്ലാ കോടതികളിലെയും നടപടികൾ അഭിഭാഷകർ തടസ്സപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വമേധയാ കേസ് പരിഗണിച്ചത്.
ഭരണഘടനയുടെ 226ആം അനുച്ഛേദം അനുസരിച്ച് കോടതി നടപടികൾ തടസ്സപ്പെടുത്തി നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
കോടതി പരിസരത്ത് സമാധാനപരമായ അന്തരീക്ഷം സർക്കാർ ഉറപ്പ് വരുത്തണം. കോടതി നടപടികൾ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സംസ്ഥാന സർക്കാരും സംസ്ഥാന പൊലീസ് മേധാവിയും ഇടപെടണം. കോടതിക്ക് 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സംഘം ചേരലോ അനുവദിക്കരുതെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY