യുഎസിനോട് പകരം ചോദിക്കുമെന്ന് ബിൻലാദന്റെ മകൻ

165

ദുബായ് ∙ തന്റെ പിതാവിനെ കൊലപ്പെടുത്തിയ യുഎസിനോട് പകരം വീട്ടുമെന്ന് ഒസാമ ബിൻ ലാദന്റെ മകൻ. ശബ്ദ സന്ദേശത്തിലൂടെയാണ് ഹംസ ബിൻ ലാദന്റെ ഭീഷണി. ‘അൽ ഖായിദ യുഎസിനും അതിന്റെ സഖ്യകക്ഷികൾക്കുമെതിരെ പോരാടും. ഞങ്ങളോരോരുത്തരും ഒസാമയാണ്’– 21 മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിൽ ഹംസ പറഞ്ഞു.

‘നിങ്ങളെ ലക്ഷ്യമിടുന്നത് തുടരും. നിങ്ങളുടെ രാജ്യത്തിനകത്തും പുറത്തും നിങ്ങളെ നേരിടും. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ നിങ്ങളുടെ നടപടികൾക്ക് അവിടുത്തെ ജനങ്ങൾക്കുവേണ്ടി പകരം ചോദിക്കും. നിങ്ങളുടെ നടപടികൾ ഏറെക്കാലം തുടരാൻ അനുവദിക്കില്ല. ഒസാമയ്ക്കു വേണ്ടി ഇസ്‍ലാമിക രാഷ്ട്രത്തിന്റെ പകരംചോദിക്കലാണിത്. ഒസാമയെന്ന വ്യക്തിക്കുവേണ്ടിയല്ല, ഇസ്‍ലാമിനുവേണ്ടി പ്രതിരോധിക്കുന്നവർക്കെല്ലാം വേണ്ടിയുള്ള പ്രതികാരമാണിത്.’: ഹംസ പറ‍ഞ്ഞു.

2011 ൽ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുമ്പോൾ യുഎസ് നടത്തിയ രഹസ്യ സൈനിക നടപടിയിലാണ് ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടത്.