കൊച്ചി സംയോജിത ജലഗതാഗത പദ്ധതിക്കായി ജര്‍മന്‍ സഹായം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

200

തിരുവനന്തപുരം∙ കൊച്ചി സംയോജിത ജലഗതാഗത പദ്ധതിക്കായി 85 മില്യന്‍ യൂറോയുടെ (631.65 കോടി) ജര്‍മന്‍ സഹായം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി 103 കോടി രൂപയായിരിക്കും. ആയൂഷ് വകുപ്പില്‍ 41 ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമെടുത്തു. ആര്‍.പാര്‍വതി ദേവി, ഡോ. പി.സുരേഷ്കുമാര്‍ എന്നിവരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കാന്‍ മന്തിസഭായോഗം ശുപാര്‍ശ ചെയ്തു.

മന്ത്രിസഭാ യോഗത്തിലെടുത്ത മറ്റു തീരുമാനങ്ങൾ:

∙ കാസര്‍ഗോഡ് മുങ്ങിമരിച്ച രാജശ്രീ, ജയശ്രീ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു.

∙ മണ്ണിടിച്ചിലില്‍ മരിച്ച ഇടുക്കി കട്ടപ്പന സൗത്ത് കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജോബി ജോണിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

∙ കുടിവെള്ള പദ്ധതിയുടെ ജലസംഭരണി മറിഞ്ഞ് വീണ് കൊട്ടാരക്കര പവിത്രേശ്വരം, കൈതക്കോട് വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍റെ മകന്‍ അഭി (എട്ടു വയസ്സ്) മരണമടഞ്ഞിരുന്നു. ആഞ്ചലോസിന്‍റെ ഭാര്യ ബീനയ്ക്കും മകള്‍ സ്നേഹയ്ക്കും ഗുരുതരമായ പരുക്കേറ്റിരുന്നു. ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

∙ വൃക്ക സംബന്ധമായ അസുഖം ബാധിച്ച നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഇടയ്ക്കോട് തുണ്ടുവിളാകത്ത് വീട്ടില്‍ എസ്.രവീന്ദ്രന്‍ നായര്‍ക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

∙ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കോഴിക്കോട് പന്നിയന്‍കര കണ്ണഞ്ചേരി റോഡില്‍ മുത്തു ഹൗസില്‍ ടി.എ.റസ്സാക്കിന് വൃക്ക സംബന്ധമായ ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

∙ തമിഴ്നാട്ടിലെ വള്ളിയൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നര വയസ്സുകാരന്‍ അരിന്‍ ബിജുവിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കൊല്ലം മുദാക്കര ബിന്ദു സദനത്തില്‍ ബിജുവിന്‍റെ മകനാണ്.

∙ കാന്‍സര്‍ ബാധിച്ച, ആലപ്പുഴ കുട്ടനാട് വെളിയനാട് കിടങ്ങറ വാവ ഭവനില്‍ എം.വി.രാജുവിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

NO COMMENTS

LEAVE A REPLY