കുളച്ചല്‍ തുറമുഖപദ്ധതി അശാസ്ത്രീയം മുഖ്യമന്ത്രി പിണറായി വിജയൻ

171

തിരുവനന്തപുരം ∙ കുളച്ചല്‍ തുറമുഖപദ്ധതി അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കകള്‍ പ്രധാനമന്ത്രിയെ ഈമാസം നേരിട്ടറിയിക്കുമെന്നും പിണറായി വ്യക്തമാക്കി. പതിനേഴിന് ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കും. അതിനുശേഷം പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കാൻ എംപിമാർക്ക് നിർദേശം നൽകുമെന്നും പിണറായി പറഞ്ഞു.

നിയമസഭയില്‍ എം.വിന്‍സന്റിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ നിന്ന് മാറ്റിയത് സര്‍ക്കാരിനുള്ള മുന്‍തൂക്കം നഷ്ടപ്പെടുത്തി. പ്രശ്നങ്ങളില്‍ ഇടപെടാന്‍ അതുകൊണ്ട് സര്‍ക്കാരിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. വിഴിഞ്ഞത്തിന് കേന്ദ്രം കൊലക്കയര്‍ ഒരുക്കുകയാണെന്നും കുളച്ചലിന് അനുമതി നല്‍കിയത് കൊലച്ചതിയാണെന്നും പ്രതിപക്ഷം പറഞ്ഞു.