നരേന്ദ്ര മോദിക്കെതിരെ ഭീകരാക്രമണത്തിനു സാധ്യത

163

ന്യൂഡൽഹി∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണമുണ്ടായേക്കാമെന്നു റിപ്പോർട്ട്. ചെങ്കോട്ടയിൽ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളിൽനിന്നു മാത്രമേ രാജ്യത്തെ സംബോധന ചെയ്യാൻ പാടുള്ളൂവെന്ന് സുരക്ഷാ ഏജൻസികൾ നിർദേശിച്ചു. ഭീഷണി വളരെ ശക്തമായതിനാൽ ഏജൻസികളുടെ നിർദേശം മോദി തള്ളിക്കളയില്ലെന്നാണു പ്രതീക്ഷ. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മോദിക്ക് ഇത്തരത്തിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടു തീരുമാനം മാറ്റുകയായിരുന്നു.

കശ്മീർ പ്രക്ഷോഭങ്ങളുടെയും ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് ബുള്ളറ്റ് പ്രൂഫ് സുരക്ഷയ്ക്ക് നിർദേശിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചെങ്കോട്ടയ്ക്കു മുകളിലൂടെ ‍ഡ്രോണുകൾ പറത്തുന്നതിനും നിയന്ത്രണമുണ്ടാകും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി എസ്പിജിയും ഭീകരവാദ വിരുദ്ധ യൂണിറ്റുകളും മുന്നറിയിപ്പു നൽകിയിരുന്നു. സൈനിക, പൊലീസ് സങ്കേതങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്താൻ അൽഖായിദയും ഇസ്‌ലാമിക് സ്റ്റേറ്റും പദ്ധതിയിടുന്നതായും വിവരമുണ്ട്.

ഇന്ദിരാ ഗാന്ധിയുടെ വധത്തിനുപിന്നാലെയാണ് പ്രധാനമന്ത്രിമാർ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളിൽനിന്നു സംസാരിക്കുന്ന രീതി നിലവിൽ വന്നത്. എന്നാൽ 2014ൽ മോദി അധികാരത്തിൽ വന്നതിനുപിന്നാലെ ഇതിൽ മാറ്റം വന്നു. ബുള്ളറ്റ് പ്രൂഫ് ചട്ടം ഒഴിവാക്കിയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.