വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇടുക്കിയിൽ എത്തിച്ചു

160

തൊടുപുഴ∙ വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സംഘം സഞ്ചരിച്ച വാനും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇടുക്കി തങ്കമണി സ്വദേശികളായ ആറു പേരുടെയും മൃതദേഹങ്ങൾ ഇന്നു രാവിലെ ഏഴരയോടെ തങ്കമണിയിലെത്തിച്ചു. ഇവിടെ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. സംസ്കാരം ഇന്നുതന്നെ ഉണ്ടായേക്കും. മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ പോസ്റ്റുമോർട്ടം ചെയ്തിരുന്നു.

തങ്കമണി സ്വദേശികളായ മുള്ളനാനിക്കൽ ബേബി (ബേബിച്ചൻ–60), കുരിശുപാറ ഒട്ടലാങ്കൽ ഷൈൻ (30), അച്ചൻകാനം വെട്ടുകാട്ടിൽ അജീഷ് (31), നീലവയൽ കരിപ്പാംപറമ്പിൽ ബിനു (34), തോപ്രാംകുടി പടലാംകുന്നേൽ മോൻസി (35), വെൺമണി പുളിക്കത്തൊട്ടി ഇളംതുരുത്തിയിൽ ജസ്റ്റിൻ(30)എന്നിവരാണു മരിച്ചത്. ഗുരുതര പരുക്കേറ്റ തങ്കമണി കൂട്ടംകവല വാഴയിൽ ഷൈനിന്റെ (36)നില അൽപ്പം മെച്ചപ്പെട്ടു. ഷൈൻ തേനി മെ‍ഡിക്കൽ കോളജിലാണ്.