അസമിൽ ഭീകരാക്രമണം : 13 മരണം; ഒരു ഭീകരനെ വധിച്ചു

194

കൊക്രജാർ ∙ അസമിലെ കൊക്രജാറിൽ തിരക്കേറിയ ചന്തയിൽ നടന്ന ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട 12 പേരും നാട്ടുകാരാണ്. 18 പേർക്കു പരുക്കേറ്റു. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
കൊക്രജാൻ നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ബാലജൻ ടൈനിലിയിലെ ആഴ്ചച്ചന്തയിലായിരുന്നു ആക്രമണം. 20 മിനിറ്റോളം നീണ്ട വെടിവയ്പിനു ശേഷമാണ് ഒരു ഭീകരനെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ മൃതദേഹത്തിനു സമീപം ഒരു എകെ 47 തോക്കുമുണ്ടായിരുന്നു. ഒരു ഓട്ടോയിലെത്തിയ ഭീകരർ മാർക്കറ്റിലേക്കു കടന്നു വെടിയുതിർത്തശേഷം കടകൾക്കു നേരേ ഗ്രനേഡെറിയുകയായിരുന്നു.
മൂന്നോ നാലോ പേരാണ് അക്രമിസംഘത്തിലുള്ളതെന്ന് അസം ഡിജിപി മുകേഷ് സഹായ് അറിയിച്ചു. നിരോധിക്കപ്പെട്ട സംഘടനയായ നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (എൻഡിഎഫ്‌ബി) ആണ് ആക്രമണത്തിനു പിന്നിലെന്ന് അഭ്യൂഹമുണ്ട്. പക്ഷെ എൻഡിഎഫ്‌ബിക്ക് ആക്രമണത്തിൽ പങ്കുണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന സൂചന.
ഭീകരർ കൊക്രജാർ കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു വിവരം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലുള്ള അസം മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്ഥിതിഗതികൾ അറിയിച്ചു. കാര്യങ്ങൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.

അതേസമയം, നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് സോങ്ബിജിത് വിഭാഗത്തിലെ നാലുപേരെ കൊക്രജാറിൽനിന്ന് ആയുധങ്ങളുമായി പൊലീസ് പിടികൂടിയതായി വിവരമുണ്ട്.