തിരൂരിൽ സ്വകാര്യ ബസ് പണിമുടക്കു തുടങ്ങി

170

മലപ്പുറം∙ ബസിൽ കയറി കണ്ടക്‌ടറെയും ചെക്കറെയും വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തെ തുടർന്നു തിരൂർ താലൂക്കിൽ സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. തിരൂരിൽനിന്നു കോഴിക്കോട്, മലപ്പുറം, പൊന്നാനി, കുറ്റിപ്പുറം ഭാഗങ്ങളിലേക്കുള്ള സർവീസ് മുടങ്ങി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് തിരൂർ–കൂട്ടായി–കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തി കണ്ടക്‌ടർ നൗഫൽ (32), ചെക്കർ ജംഷീർ (24) എന്നിവരെ ഒരു സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. അക്രമി സംഘത്തിലെ സുഹൈബ്, നിയാസ് എന്നിവരെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ലീഗ്–സിപിഎം സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമമെന്നു കരുതുന്നു. പരുക്കേറ്റ നൗഫൽ ലീഗ് പ്രവർത്തകനാണ്.