നർസിങ്ങിന്റെ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു

192

ന്യൂഡൽഹി∙ ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തി തന്നെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗുസ്തിതാരം നര്‍സിങ് യാദവ് നല്‍കിയ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സോനിപ്പത്ത് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. 17 കാരനായ ജൂനിയർ ഗുസ്തി താരം ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തിയെന്നാണ് പരാതി.

അതേസമയം, നര്‍സിങ് യാദവിനെതിരെ ഗൂഡാലോചന നടന്നെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ നാഡയുടെ അച്ചടക്ക സമിതി ഡല്‍ഹിയില്‍ യോഗം ചേരുകയാണ്. നാഡ അച്ചടക്ക സമിതിയുടെ അനുകൂല നിലപാടുണ്ടായാല്‍ വീണ്ടും ഉത്തേജക പരിശോധന നടത്തി നര്‍സിങ് യാദവിനു നിരപരാധിത്വം തെളിയിക്കാം. എന്നാല്‍ അച്ചടക്ക സമിതിയുടെ തീരുമാനം എതിരാണെങ്കില്‍ പകരക്കാരനായി പ്രവീണ്‍ റാണയെ അയക്കാന്‍ ഗുസ്തി ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

സോനിപ്പത്ത് സായ് സെന്ററിലെ കന്റീനിൽ നർസിങ്ങിനായി തയാറാക്കിയ ഭക്ഷണത്തിൽ പുറത്തുനിന്നുള്ളയാൾ എന്തോ വസ്തു ചേർക്കുന്നതു കണ്ടെന്നു പാചകക്കാരനും ജൂനിയർ താരവും വെളിപ്പെടുത്തിയിരുന്നു. രാജ്യാന്തര ഗുസ്തി താരത്തിന്റെ സഹോദരനും ജൂനിയര്‍ 65 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്.