മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുമായി നേരിട്ടുള്ള കൂടിക്കാഴ്ച തുടങ്ങി

176

തിരുവനന്തപുരം∙ ഭരണരംഗം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പു സെക്രട്ടറിമാരുമായി നേരിട്ടുള്ള കൂടിക്കാഴ്ച തുടങ്ങി. മുഖ്യമന്ത്രിയും ബന്ധപ്പെട്ട ഗവ. സെക്രട്ടറിയുമല്ലാതെ മറ്റാരെയും ഈ ചർച്ചയിൽ പങ്കെടുപ്പിക്കുന്നില്ല.
കഴിഞ്ഞ ദിവസമാണു കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽ തുടങ്ങിയത്. ഓരോ സെക്രട്ടറിമാർക്കും 15 മുതൽ 30 മിനിറ്റ് വരെയാണ് അനുവദിച്ചിട്ടുള്ളത്. ഓരോ വകുപ്പുകളുടെയും മേധാവികളായ സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷനൽ ചീഫ് സെക്രട്ടറിമാർ എന്നിവരെയാണു ക്ഷണിച്ചിട്ടുള്ളത്. സാധാരണ മുഖ്യമന്ത്രിമാർ ചർച്ചയ്ക്കു വിളിക്കുമ്പോൾ ബന്ധപ്പെട്ട സെക്രട്ടറിമാർ തങ്ങളുടെ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെയും ഒപ്പംകൂട്ടാറുണ്ട്.

കഴിഞ്ഞ ദിവസം ചില സെക്രട്ടറിമാർ അത്തരത്തിൽ ഉദ്യോഗസ്ഥ പരിവാരവുമായി ചെന്നെങ്കിലും മുഖ്യമന്ത്രി അവരെ അകത്തു കയറ്റിയില്ല. സെക്രട്ടറിയെ മാത്രമാണ് അകത്തേക്കു വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയും കൂടിക്കാഴ്ചയിൽ പങ്കെടുപ്പിക്കുന്നില്ല.

അതിനാൽ തന്നെ ഏത് ഉന്നത ഉദ്യോഗസ്ഥനെതിരെയും ബന്ധപ്പെട്ട മന്ത്രിമാർക്കും അവരുടെ സ്റ്റാഫിനുമെതിരെയുമുള്ള കാര്യങ്ങൾ പോലും സെക്രട്ടറിമാർക്കു മുഖ്യമന്ത്രിയെ നേരിട്ടു ബോധിപ്പിക്കാനും അവസരം ലഭിക്കുന്നു. ഓരോ വകുപ്പിലെയും പ്രശ്നങ്ങൾ, പരിഹാരനിർദേശം, പദ്ധതി നടത്തിപ്പിലെ തടസ്സങ്ങൾ എന്നിങ്ങനെ അതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ രേഖാമൂലം നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഉടൻ നടപ്പിലാക്കാവുന്നതും ദീർഘകാല പദ്ധതികളും സെക്രട്ടറിമാർ വിവരിക്കുന്നുണ്ട്.

അതിനു പുറമെ മറ്റു വകുപ്പുകളിലെ വിഷയങ്ങളും ഓരോ സെക്രട്ടറിമാർക്കും പറയാനും അവസരം നൽകുന്നു. അതിനാൽ ഘടകകക്ഷികളിലേത് ഉൾപ്പെടെ എല്ലാ മന്ത്രിമാരുടെയും വകുപ്പിലെ എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രിക്കു നേരിട്ടു മനസ്സിലാക്കാൻ കഴിയുന്ന സ്ഥിതിയായി. മാത്രമല്ല, ബന്ധപ്പെട്ട വകുപ്പു സെക്രട്ടറി തന്റെ വകുപ്പിലെ പ്രശ്നങ്ങൾ പറഞ്ഞില്ലെങ്കിൽ തന്നെ മറ്റു സെക്രട്ടറിമാർ വഴി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്കു നേരിട്ടു മനസ്സിലാക്കാനും കഴിയുന്നു.

ഇതിനകം ഏഴെട്ടു പേരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു. വരുംദിവസങ്ങളിൽ ബാക്കിയുള്ളവരുമായുള്ള ചർച്ച തുടരും. പ്രധാനമന്ത്രി കൃത്യമായ ഇടവേളകളിൽ ഇത്തരം കൂടിക്കാഴ്ച ആവർത്തിക്കുന്നുണ്ട്. പിണറായി വിജയനും സെക്രട്ടറിമാരുമായി നേരിട്ടുള്ള ഇത്തരം കൂടിക്കാഴ്ചകൾ തുടരുമോ എന്നേ കണ്ടറിയേണ്ടതുള്ളു.