റിയാദിൽനിന്ന് പത്തു ദിവസം മുമ്പു പുറപ്പെട്ട മകനെ കാണാതായതായി പരാതി

176

ആലപ്പുഴ∙ റിയാദിൽനിന്നു പത്തു ദിവസം മുമ്പു പുറപ്പെട്ട മകൻ നാട്ടിലെത്തിയില്ലെന്നു മാവേലിക്കര സ്വദേശി പൊലീസിൽ പരാതി നൽകി. നാട്ടിലേക്കെന്നു പറഞ്ഞു റിയാദിൽ നിന്നു പുറപ്പെട്ട മകൻ വീട്ടിലും ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും എത്താത്തതിനെ തുടർന്നാണു പരാതി നൽകിയത്. റിയാദിൽ നിന്നു മാവേലിക്കര സിഐയുടെ ഇമെയിലിലാണ് പ്രവാസി പരാതി നൽകിയത്. മാവേലിക്കര സ്വദേശികളായ പ്രവാസി ദമ്പതികൾ വർഷങ്ങളായി റിയാദിലാണ് വാസം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂലൈ ഒൻപതിനാണ് മകൻ നാട്ടിലേക്കെന്നു പറഞ്ഞുപോയതെന്ന് പരാതിയിൽ പറയുന്നു. ദമ്പതികളുടെ മൂത്ത മകനെയാണ് കാണാതായിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളോടൊപ്പമാണ് ഇയാൾ നാട്ടിലേക്കു തിരിച്ചതെന്നാണ് വിവരം. ഇയാൾ റിയാദിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. 2015ലാണ് ഇവർ നാട്ടിൽ വീടുവച്ചത്. വീടിപ്പോൾ അടഞ്ഞുകിടക്കുകയാണ്.