കലബുറുഗി റാഗിങ് : മക്കൾ നിരപരാധികളെന്ന് രക്ഷിതാക്കൾ

176
Photo credit : manorama online

ബെംഗളൂരു ∙ കലബുറുഗി റാഗിങ് കേസില്‍ തങ്ങളുടെ മക്കൾ നിരപരാധികളാണെന്ന് പ്രതിയാക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍. റാഗിങ്ങിനിരായായ അശ്വതിയുമായി സൗഹൃദത്തിലായിരുന്ന പെണ്‍കുട്ടികളെ മനഃപൂര്‍വം കുടുക്കിയതാണ്. ഇതിനായി അശ്വതിയെ ആരു പ്രേരിപ്പിച്ചെന്നറിയില്ല. ലോണ്‍ എടുത്തും കടം വാങ്ങിയും കുട്ടികളെ പഠിപ്പിക്കുന്ന തങ്ങള്‍ സമ്പന്നരും മോശപ്പെട്ടവരുമാണെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ആത്മഹത്യക്ക് ശ്രമിച്ച അശ്വതിയെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ആതിരയും ലക്ഷമിയും കൃഷ്ണപ്രിയയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടുകാര്‍ ആരും എത്താതിരുന്നതിനാല്‍ ഇവര്‍തന്നെ മുന്‍കൈയെടുത്താണ് അശ്വതിയെ വീട്ടിലെത്തിച്ചത്.
തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അശ്വതി എന്തിന് മൊഴി നല്‍കിയെന്ന് അറിയില്ല. അശ്വതി നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അതിന്‍റെ ഫോട്ടോയും സഹപാഠികളെ കാണിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ സമ്പന്നരാണെന്ന പ്രചരണങ്ങള്‍ തെറ്റാണ്. നീതിക്കുവേണ്ടിയുള്ള നിയമപ്പോരാട്ടം തുടരുമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.