പെയ്സ്-ബൊപ്പണ്ണ സഖ്യം പുറത്ത്

197

റിയോ ഡി ജനീറോ∙ റിയോ ഒളിംപിക്സിന്റെ ആദ്യദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പുരുഷ വിഭാഗം ടെന്നിസ് ഡബിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന രോഹൻ ബൊപ്പണ്ണ-ലിയാൻഡർ പെയ്സ് സഖ്യം ആദ്യറൗണ്ടിൽ തന്നെ തോറ്റു പുറത്തായി. പോളണ്ടിന്റെ കുബോട്ട്-മറ്റ്കോവിസ്കി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തോൽവി. സ്കോർ: 4-6, 6-7.

പെയ്സിനെ ഡബിൾസ് പങ്കാളിയായി തിരഞ്ഞെടുക്കാൻ രോഹൻ ബൊപ്പണ്ണ വിസമ്മതിച്ചത് ഒളിംപിക്സിനു മുൻപേ ഇന്ത്യൻ ടെന്നിസിൽ വൻ വിവാദത്തിന് വഴിവച്ചിരുന്നു. പെയ്സിനൊപ്പം കളിക്കാൻ താൽപര്യമില്ലാത്ത ബൊപ്പണ്ണ തനിക്കു പങ്കാളിയായി വേണ്ടതു സാകേത് മനൈനിയാണെന്നു ടെന്നിസ് അസോസിയേഷനു കത്തു നൽകുകയും ചെയ്തു. എന്നാൽ മികച്ച റാങ്കിങ്ങിലുള്ള രണ്ടു താരങ്ങൾ ഒന്നിച്ചുകളിക്കുന്നതാണു രാജ്യത്തിന്റെ മെഡൽ സ്വപ്നങ്ങൾക്കു കരുത്തുപകരുക എന്ന നിഗമനത്തോടെ ഇന്ത്യൻ ടെന്നിസ് അസോസിയേഷൻ ഇരുവരോടും ഒരുമിച്ച് കളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. റിയോയിലെത്തിയിട്ടും ഭിന്നത തുടർന്ന ഇരുവരും ഒളിംപിക് വില്ലേജിൽ മുറി പങ്കിടാൻ വിസമ്മതിച്ചതായി വാർത്ത വന്നിരുന്നു.

ലോക ഡബിൾസ് റാങ്കിങ്ങിൽ പത്താംസ്ഥാനത്തെത്തിയ ബൊപ്പണ്ണയ്ക്ക് ഒളിംപിക് യോഗ്യത നേരിട്ടു കിട്ടിയതോടെയാണ് ഇന്ത്യൻ ടെന്നിസ് ലോകത്തു പ്രതിസന്ധിക്കു തുടക്കമായത്. പെയ്സിനൊപ്പം കളിക്കാൻ ബൊപ്പണ്ണ വിമുഖത കാട്ടിയതോടെ പെയ്സിന്റെ ഒളിംപിക് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീണു. തുടർന്നാണ് ടെന്നിസ് അസോസിയേഷൻ ഇടപെട്ട് ഇരുവരെയും നിർബന്ധിച്ച് ഒരുമിപ്പിച്ചത്. പെയ്സിനൊപ്പം കളിക്കില്ലെന്നു കഴിഞ്ഞ ലണ്ടൻ ഒളിംപിക്സ് കാലത്തും മഹേഷ് ഭൂപതിയും ബൊപ്പണ്ണയും വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY