അപകടത്തിൽ മരിച്ച വിദ്യാർഥിയുടെ അവയവങ്ങൾ ദാനം ചെയ്തു

219

തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റു മരിച്ച സെന്റ് തോമസ് സ്കൂൾ വിദ്യാർഥി വിശാലിന്റെ (15) അവയവങ്ങൾ ദാനം ചെയ്തു. ഹൃദയം ഏറ്റെടുക്കാനായി എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം മെഡിക്കൽ കോളേജിലെത്തി. ശസ്ത്രക്രിയ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം നാവികസേനയുടെ ഡോണിയർ വിമാനം എത്തി. 12 മണിയോടെ പുറപ്പെടും.

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുക്കോല ജംഗ്ഷനിൽ വച്ച് വിശാലിനെ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് ന്യൂറോ സർജറിക്ക് വിധേയമാക്കി തീവ്ര പരിചരണം നൽകിയിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വിശാലിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. വൈകുന്നേരം 4.30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

തുടർന്ന് അവയവദാനത്തെപ്പറ്റി മൃതസഞ്ജീവനിയിലെ ജീവനക്കാർ സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിക്കുകയുമായിരുന്നു. ഹൃദയം, കരൾ, രണ്ടു വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും, വൃക്കകൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് രോഗികൾക്കുമാണ് നൽകുന്നത്.

NO COMMENTS

LEAVE A REPLY