പരാതികളിലും ആരേ‍ാപണങ്ങളിലും 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കും : ജേക്കബ് തേ‍ാമസ്

136

പാലക്കാട് ∙ നിലവിലുളള മുഴുവൻ കേസുകളിലും അന്വേഷണം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ വിജിലൻസ്. പരാതികളിലും ആരേ‍ാപണങ്ങളിലും 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനും തീരുമാനിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ ആരേ‍ാപണവിധേയർക്കെതിരെ കേസ് റജിസ്റ്റർചെയ്യും. ഇതിനു ജില്ലാ യൂണിറ്റുകൾക്ക് അധികാരം നൽകി വിജിലൻസ് ഡയറക്ടർ ജേക്കബ് തേ‍ാമസ് ഉത്തരവിറക്കി.

ലഭിക്കുന്ന പരാതികളിൽ വിജിലൻസ് അന്വേഷണത്തിനു സാധ്യതയില്ലെങ്കിൽ അതിലുള്ള നടപടി അവസാനിപ്പിക്കണം. അഴിമതി സംബന്ധിച്ച പരാതികൾ തള്ളാനും യൂണിറ്റ് മേധാവികൾക്ക് അധികാരമുണ്ടായിരിക്കും. പരാതിയിൽ അന്വേഷണം നടത്തി എഫ്ഐആർ തയാറാക്കാൻ നേരത്തെ ഡയറക്ടറുടെ അനുമതി വേണമായിരുന്നു. പുതിയ സംവിധാനത്തിൽ അന്വേഷണത്തിലുളള പുരേ‍ാഗതിയും കണ്ടെത്തലും ഡയറക്ടറെ അറിയിച്ചാൽ മതി. അതിന്മേൽ 12 ദിവസത്തിനുള്ളിൽ വിയേ‍ാജിപ്പ് ലഭിച്ചില്ലെങ്കിൽ അന്വേഷണവുമായി മുന്നേ‍ാട്ടുപേ‍ാകാം.

വിജിലൻസ് ഡയറക്ടറേറ്റിനുവേണ്ടി അന്വേഷണം നടത്തി സമയം കളയരുതെന്നാണ് നിർദ്ദേശം. ഇത്തരത്തിലുള്ള അന്വേഷണറിപ്പേ‍ാർട്ടുകളിൽ മിക്കതിലും വകുപ്പു നടപടി സ്വീകരിക്കാറില്ലെന്നുമാത്രമല്ല, വിജലൻസ് ആരേ‍ാപണവിധേയരായി കണ്ടെത്തിയവരെ ഒഴിവാക്കുന്നതായും ആരേ‍ാപണമുണ്ട്. ആരേ‍ാപണവിധേയരായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിനു നൽകിയ 9000 റിപ്പേ‍ാർട്ടുകൾ നടപടിയില്ലാതെ കെട്ടിക്കിടക്കുകയാണ്. രാഷ്ട്രീയ, സംഘടനാ സമ്മർദ്ദമാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം.

ആരേ‍ാപണവിധേയരായ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കും സ്ഥലം മാറ്റാനുമാണു സാധാരണ ശുപാർശ ചെയ്യുക. ധനനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുപിടിക്കുകയും വേണം. പെ‍ാതുജനത്തിനു മേ‍ാശം അഭിപ്രായമുള്ളവർ, സ്ഥാപനത്തിനു നഷ്ടം വരുത്തുന്നവർ എന്നിവർക്കെതിരെയാണ് അന്വേഷണം നടത്താറ്. ഇനിമുതൽ ജീവനക്കാർക്കെതിരെയുളള ആരേ‍ാപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെങ്കിൽ കേസെടുക്കാനാണ് തീരുമാനം.

കേസ് അന്വേഷണത്തിനും വിജിലൻസ് ബേ‍ാധവത്ക്കരണത്തിനും വിദ്യാലയങ്ങളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്), സന്നദ്ധസംഘടനകൾ എന്നിവരുടെ സഹായം തേടും. കേസിനാസ്പദമായ വസ്തുതകൾ എൻജിഒ മുഖേന ശേഖരിക്കും. പ്രവർത്തനം വിലയിരുത്തി മാത്രമേ എൻജിഒകളെ തിരഞ്ഞെടുക്കൂ.

പരാതികളും കേസുകളും കൈകാര്യം ചെയ്യാൻ ഡയറക്ടറേറ്റിൽ വകുപ്പുകൾക്ക് പ്രത്യേകം സെല്ലുകൾ ആരംഭിച്ചു. നേരത്തെ ജില്ലകൾക്കുവേണ്ടിയായിരുന്നു ഈ സംവിധാനം. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം, അഴിമതിക്കുള്ള സാധ്യതകൾ, അതു പരിഹരിക്കാനുള്ള ‌വഴികൾ എന്നിവയെക്കുറിച്ചു പഠിച്ചു റിപ്പേ‍ാർട്ടു നൽകാൻ ഒ‍ാഫിസർമാരെയും നിയമിച്ചിട്ടുണ്ട്.