കശ്മീരിൽ മൂന്നു ദിവസത്തേക്ക് പത്രങ്ങൾ നിരോധിച്ചു

164

ശ്രീനഗർ∙ കശ്മീരിൽ സൈനിക നടപടിക്കിടെ ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘർഷങ്ങളെ തുടർന്ന് മൂന്നു ദിവസത്തേക്കു പത്രങ്ങൾ നിരോധിച്ചു. മാധ്യമ സ്ഥാപനങ്ങളിലും പ്രിന്റിങ് പ്രസ്സുകളിലും നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടപടി. സമാധാനം പുനഃസ്ഥാപിക്കാൻ ഇത് ആവശ്യമാണെന്ന് സർക്കാർ വക്താവ് നയീം അക്തർ പറഞ്ഞു.

പുലർച്ചെ രണ്ടുമണിയോടെ കശ്മീരിലെ പ്രസ്സുകളിൽ മിന്നൽപരിശോധന നടന്നിരുന്നു. അച്ചടി നിർത്തിവയ്ക്കുകയും പ്രിന്റിങ് പ്ലേറ്റുകൾ പൊലീസ് കൊണ്ടുപോകുകയും ചെയ്തു. മാധ്യമങ്ങൾക്കു നേരെയുള്ള കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് പലയിടങ്ങളിലും മാധ്യമപ്രവർത്തകരുടെ പ്രകടനങ്ങൾ നടന്നു.

കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ 43 പേരാണു കൊല്ലപ്പെട്ടത്. ഇവിടെ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. താൽക്കാലികമായി നിരോധിച്ച മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. കേബിൾ ടിവി പ്രക്ഷേപണം റദ്ദാക്കിയിരുന്നെങ്കിലും ഇന്നലെ വീണ്ടും ആരംഭിച്ചു.

കശ്മീരിൽ നടക്കുന്നതു സ്വാതന്ത്ര്യ സമരമാണെന്നും ബുർഹാൻ വാനി രക്തസാക്ഷിയാണെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ചൊവ്വാഴ്ച കരിദിനമായി ആചരിക്കാനിരിക്കുകയാണ്.