മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന മുൻ നിലപാടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

195

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന മുൻ നിലപാടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ട് സുരക്ഷിതമല്ലെന്ന നിയമസഭ, സർവകക്ഷിയോഗ നിലപാടുകളാണ് ശരിയെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ പി.ടി.തോമസിനു നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് പിണറായിയുടെ നിലപാടു മാറ്റം.

സ്കൂൾ കുട്ടികൾ സംസാരിക്കുന്നതുപോലെ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാറെന്നും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വ്യക്തമായ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പുതിയ അണക്കെട്ടെന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നായിരുന്നു പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയിലായിരുന്നു കേരളത്തിന്‌ ആശങ്ക. അതാണു കേരളം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്‌. അണക്കെട്ടില്‍ പരിശോധന നടത്തിയ വിദഗ്‌ധര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ സുരക്ഷാകാര്യത്തിലുള്ള കേരളത്തിന്റെ ആശങ്കയ്‌ക്ക്‌ അടിസ്‌ഥാനമില്ലെന്നു വ്യക്‌തമാക്കുന്നതാണെന്നും പിണറായി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനുപിന്നാലെ പിണറായി നടത്തിയ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.