ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിൽ വൻ ഭൂചലനത്തിനു സാധ്യത

150

ന്യൂഡൽഹി∙ ബംഗ്ലദേശിനും ഇന്ത്യയ്ക്കുമിടയിൽ വൻ ഭൂചലനമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഒരു ടൈംബോംബിനു മുകളിലാണ് ബംഗ്ലദേശ് ഇരിക്കുന്നത്. ബംഗ്ലദേശ് ഭൂനിരപ്പിനു താഴെ രൂപം കൊള്ളുന്ന ഭൂചലത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ കിഴക്കൻ മേഖലകളെ നശിപ്പിക്കുമെന്നും അവർ വിലയിരുത്തുന്നു.

അതിർത്തിയിലുണ്ടാകുന്ന പിളർപ്പുകളും പ്രകമ്പനങ്ങളും 14 കോടിയോളം പേരെ നേരിട്ട് ബാധിക്കും. നാശനഷ്ടങ്ങൾ മാത്രമല്ല, നദികൾ ഗതിമാറി ഒഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൗമപാളികൾ സാവധാനം കൂട്ടിമുട്ടുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേക്കും താഴേയ്ക്കുമുള്ള ചലനമുണ്ടാകുന്ന മേഖല(Subduction Zone)കളിലാണ് ഭൂചലനത്തിന്റെ സാധ്യത വർധിക്കുന്നത്.

2004ൽ 2,30,000 പേരുടെ മരണത്തിനിടയാക്കിയ സുനാമിയും 2011ലെ തോഹോകു ഭൂചലനവും ഫുകുഷിമ ആണവനിലയത്തെ ബാധിച്ച ജപ്പാൻ സുനാമിയുമെല്ലാം ഇത്തരത്തിൽ‌ ഭൗമപാളികൾ തമ്മിൽ കൂട്ടിമുട്ടിയതിന്റെ ഫലമായിരുന്നു. സബ്ഡക്‌ഷൻ സോണുകളധികവും സമുദ്രാടിത്തട്ടിലാണെന്നതാണ് ഭീഷണി വർധിപ്പിക്കുന്നത്.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മർദ്ദം 400 വർഷമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. വർഷങ്ങളായുള്ള മർദ്ദം പുറത്തേക്കു വരുന്നത് വലിയ തകർച്ചയ്ക്ക് കാരണമാകുമെന്ന് കൊളംബിയ സർവകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കൽ സ്റ്റെക്‌ലർ പറഞ്ഞു. മർദ്ദത്തിന്റെ ഫലമായുണ്ടാകുന്ന ഭൂചലനത്തിന് 8.2 – 9 തീവ്രതയാകും ഉണ്ടാകുക. ഇന്ത്യയും ഇന്ത്യൻ മഹാസമുദ്രവുമുൾപ്പെടുന്ന ടെക്ടോണിക് പ്ലേറ്റ് ‌‌വടക്കുകിഴക്കൻ ഭാഗംവഴി ഏഷ്യയിലേക്ക് ചലിക്കുന്ന പ്രവണത നൂറ്റാണ്ടുകളായി കാണുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

2015ൽ 9,000 പേരുടെ മരണത്തിനിടയാക്കിയ നേപ്പാൾ ഭൂചലനത്തെ തുടർന്ന് ഹിമാലയം ഉത്തരഭാഗത്തേക്ക് തെന്നിനീങ്ങിയതിനു കാരണവും ഇതായിരുന്നു. ഇന്ത്യയിലും ബംഗ്ലദേശിലുമുണ്ടാകുന്ന ഭൂചലനത്തിന്റെ തീവ്രത കുറയുന്നതിനുകാരണം ബ്രഹ്മപുത്രയിലേയും ഗംഗയിലേയും ഡെൽറ്റകളാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
courtesy : manorama online