മന്ത്രി ജലീലിന്റെ സൗദി യാത്ര മുടങ്ങി

172

തിരുവനന്തപുരം ∙ തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി സൗദിയിലേക്കു പോകാനിരുന്ന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ യാത്ര മുടങ്ങി. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്ന് മന്ത്രിക്കു ഡിപ്ലോമാറ്റിക് പാസ്പോർട്ട് ലഭിച്ചില്ല. ഇതിന്റെ കാരണം വ്യക്തമല്ലെന്നു മന്ത്രി പ്രതികരിച്ചു.

കേന്ദ്രസർക്കാരിനെ സഹായിക്കാനാണു സംസ്ഥാനസർക്കാർ ശ്രമിച്ചതെന്നും സൗദിയിൽ കുടുങ്ങിയ മലയാളികൾക്കു നിയമപരിരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു യാത്രയുടെ ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവുമായി ഒരുതരത്തിലുമുള്ള ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. സാധാരണ ഗതിയിൽ അപേക്ഷ നൽകിയാൽ നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിക്കുകയാണു പതിവ്. വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം ദൗർഭാഗ്യകരമാണെന്നും ജലീൽ പറഞ്ഞു.

മലയാളികൾക്കു ലഭിക്കുമായിരുന്ന നിയമപരിരക്ഷയാണ് നഷ്ടമായത്. പാസ്പോർട്ട് നിഷേധിച്ചതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നു വ്യക്തമല്ല. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പു നടക്കാൻ പോവുകയാണ്. കേരളത്തിൽനിന്ന് ഒരു സർക്കാർ പ്രതിനിധി സൗദിയിലേക്കുപോയാൽ സ്വാഭാവികമായും യുപിയിൽനിന്നും പ്രതിനിധികൾ പോകുമെന്നു കേന്ദ്രം ഭയപ്പെടുന്നുണ്ടോയെന്ന് അറിയില്ല. പ്രതിസന്ധിയിൽപ്പെട്ടവരിൽ ഭൂരിഭാഗവും യുപിയിൽ നിന്നുള്ളവരാണെന്നാണ് അനൗദ്യോഗികവിവരം.

വിദേശകാര്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറിയുമായി ഡിപ്ലോമാറ്റിക് പാസ്പോർട്ടിന്റെ കാര്യം ചർച്ച ചെയ്തിരുന്നുവെന്നു മന്ത്രി ജലീൽ നേരത്തെ പറഞ്ഞിരുന്നു. സൗദി എംബസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് അപ്പോൾ ലഭിച്ച മറുപടി. എന്നാൽ, രാത്രിയോടെ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണു ലഭിച്ചത്. കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. സാധാരണ പാസ്പോർട്ടുമായി സൗദിയിലേക്കു പോയിട്ടു കാര്യമില്ല. ലേബർ ക്യാംപ് സന്ദർശിക്കാനോ തൊഴിലാളികളെ കാണാനോ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച സൗദിയിലേക്കു പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് മന്ത്രി ജലീലിനെയും സ്പെഷല്‍ സെക്രട്ടറി ഡോ. വി.കെ. ബേബിയെയും സൗദിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.