കെഎസ്ആർടിസി യാത്രയ്ക്കും സ്മാർട് കാർഡ്

219

കോട്ടയം∙ പണം കയ്യില്ലില്ലെങ്കിലും ഇനി കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യാം. ഡെബിറ്റ് കാർഡ് പോലെ ഉപയോഗിക്കാവുന്ന സ്മാർട്കാർഡ് സംവിധാനം ബസുകളിൽ നടപ്പാക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. സംസ്ഥാനാന്തര സർവീസ് ഉൾപ്പെടെ ഏതു റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലും ഈ സ്മാർട്കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

കൊച്ചി മെട്രോയുടേതുപോലെ മൾട്ടിപർപസ് കാർഡാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ആർടിസി എംഡി ആന്റണി ചാക്കോ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ടെൻഡർ വിളിക്കും. മൂന്നോ നാലോ മാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയകരമെന്നു കണ്ടാൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഇവ ഉപയോഗിക്കും.

നിലവിൽ ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ചാണ് ​എല്ലാ ബസിലും ടിക്കറ്റ് നൽകുന്നത്. അതിനാൽത്തന്നെ സ്മാർട്കാർഡ് ഉപയോഗം ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. ബാങ്കുകളുമായി സഹകരിച്ച് ഡെബിറ്റ് കാർഡ് പോലെയുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൾ‌ട്ടി മോഡൽ ട്രാൻസ്പോർട്ടിനു വേണ്ടിയുള്ള യൂണിഫൈഡ് കാർഡാണ് കൊച്ചി മെട്രോയിലേത്. റയിൽ, റോഡ്, ജല ഗതാഗതം എന്നിവയിലെ യാത്രയ്ക്ക് ഈ ഒരു കാർഡ് മതിയാകും. എടിഎം കാർഡ്പോലെ ഉപയോഗിക്കാൻ പറ്റുന്ന ഇതുപയോഗിച്ച് ഷോപ്പിങ്ങും നടത്താനാകും.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ പൊതുയാത്രാ സംവിധാനമായ ബസുകളിൽ സ്മാർട് കാർഡ് സംവിധാനം നിലവിലുണ്ട്. പല സംസ്ഥാനങ്ങളും പദ്ധതി പ്രഖ്യാപിച്ചുകഴി‍ഞ്ഞു. കേരളത്തിൽ പല റൂട്ടുകളിലും സ്വകാര്യ ബസുകൾ ഇത്തരം സ്മാർട്കാർഡ് പദ്ധതി കൊണ്ടുവന്നിരുന്നു.

NO COMMENTS

LEAVE A REPLY