കേരള കോൺഗ്രസ് (എം)നെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

184

തിരുവനന്തപുരം∙ യുഡിഎഫുമായി ഇടഞ്ഞു നിൽക്കുന്ന കേരള കോൺഗ്രസ് (എം)നെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അനുരഞ്ജനത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം.മാണിയെ ഫോണിൽ വിളിച്ചെങ്കിലും സംസാരിക്കാൻ അദ്ദേഹം തയാറായില്ല. പിന്നീട് വിളിക്കാമെന്നു പറഞ്ഞു മാണി ഫോൺ വയ്ക്കുകയായിരുന്നു. അതേസമയം, മുന്നണി മാറാതെ സമദൂര നിലപാട് സ്വീകരിച്ചു നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരിക്കണമെന്നാണ് കേരള കോൺഗ്രസ് പാർട്ടിയിലെ തീരുമാനം.

അനുരഞ്ജനത്തിനായി മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ശ്രമം തുടങ്ങി. ചരൽക്കുന്നിലെ കേരള കോൺഗ്രസ് ക്യാംപ് തുടങ്ങുന്നതിനു മുൻപ് കുഞ്ഞാലിക്കുട്ടി നേരിൽ കാണുമെന്നാണ് വിവരം. ഫോണിൽ വിളിച്ചു സംസാരിച്ചുവെങ്കിലും തീരുമാനത്തിൽനിന്നു വ്യതിചലിക്കാൻ മാണി തയാറായില്ല. പാർട്ടിയെടുക്കുന്ന തീരുമാനത്തോട് ഒരുമിച്ചു നിൽക്കുമെന്നു മാണിക്കു എംഎൽഎമാർ ഉറപ്പു നൽകിയിട്ടുണ്ട്.

യുഡിഎഫ് അധികാരത്തിലിരിക്കെ മാണിക്കെതിരായ ബാർ കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് കേരള കോൺഗ്രസിന്റെ വാദം. മാണിയെ കുടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് രമേശ് ചെന്നിത്തലയാണെന്നുമാണ് കേരള കോൺഗ്രസ് സംശയിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കു പിന്നാലെയാണ് മാണി യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞത്.