ഇന്ത്യയുടെ ആഭ്യന്തരകാര്യമല്ല കശ്മീർ : നവാസ് ഷെരീഫ്

185

ഇസ്‌ലാമാബാദ്∙ സാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇസ്‌ലാമാബാദിൽ എത്തിയതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് നവാസ് ഷരീഫ് ഇസ്‌ലമാബാദിലെ ഒരു യോഗത്തിൽ പറഞ്ഞു. പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തിൽ പങ്കെടുക്കവെയാണ് നവാസ് ഷരീഫ് വിവാദപ്രസ്താവന നടത്തിയത്. അതേസമയം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ന് സാർക്ക് സമ്മേളനത്തിൽ ചര്‍ച്ച ചെയ്യും.

കശ്മീരിൽ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റമാണു നടക്കുന്നത്. കശ്മീരിലെ മൂന്നാംതലമുറയിൽപ്പെട്ടവരുടെ രക്തത്തിലൂടെ ഈ മുന്നേറ്റം തുടരുകയാണ്. ബുള്ളറ്റുകളാൽ കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള ദാഹം അവരെ ലക്ഷ്യത്തിലെത്തിക്കുമെന്നും നവാസ് ഷരീഫ് പറഞ്ഞു. അതേസമയം, മുംബൈ, പഠാന്‍കോട്ട് ഭീകരാക്രമണങ്ങള്‍, കശ്മീരിലെ പാക്കിസ്ഥാന്‍റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാർക്ക് സമ്മേളനത്തിൽ ഇന്ത്യയുടെ നിലപാട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്.

ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതു പരിശോധിക്കണമെന്നു സമ്മേളനത്തില്‍ രാജ്നാഥ് സിങ് ആവശ്യപ്പെടും. കശ്മീരില്‍ ഭീകരപ്രവര്‍ത്തനം വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്നു രാജ്നാഥ് സിങ് നേരത്തേ പറഞ്ഞിരുന്നു.

അതേസമയം, രാജ്നാഥ് സിങ്ങിന്‍റെ സന്ദര്‍ശനത്തിനെതിരെ ഹിസ്ബുൽ മുജാഹുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. തുടർന്ന്, സാര്‍ക്ക് സമ്മേളനവേദിയില്‍ സുരക്ഷ ശക്തമാക്കി. കശ്മീരിലെ പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷിചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.