ഹാഫിസ് സയിദിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ മെഡിക്കൽ സംഘത്തിനു കശ്മീർ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അപേക്ഷ

157

ലാഹോർ ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയിദിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ മെഡിക്കൽ സംഘത്തിനു സംഘർഷം നടന്ന കശ്മീർ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അപേക്ഷ. പരുക്കേറ്റവർക്ക് ആവശ്യമായ മരുന്നും മറ്റു ചികിൽസാ സൗകര്യങ്ങളും നൽകുന്നതിനു വേണ്ടിയാണിത്. ഡോക്ടർമാരും മറ്റു മെഡിക്കൽ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 30 അംഗസംഘത്തിനു വീസ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘മുസ്‍ലിം മെഡിക്കൽ മിഷൻ’ (ജമാഅത്തുദ്ദഅവ) എന്ന സംഘടനയാണ് ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിൽസ നൽകാൻ കശ്മീരിലെത്താൻ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേർക്ക് പരുക്ക് പറ്റിയിരിക്കുന്നത് കണ്ണിനാണ്. ഇവരെ ചികിൽസിക്കാൻ നേത്രരോഗവിദഗ്ധർ സംഘത്തിനൊപ്പമുണ്ടെന്നും ജെയുഡി വക്താവ് അറിയിച്ചു.

ഈ ആവശ്യത്തോടുള്ള ഇസ്‍ലാമാബാദിലെ ഇന്ത്യൻ എംബസിയുടെ പ്രതികരണമെന്താണെന്നു ചോദിച്ചപ്പോൾ മുസ്‍ലിം മെഡിക്കൽ മിഷൻ പാക്കിസ്ഥാൻ സർക്കാരിനോടാണ് സഹായം ആവശ്യപ്പെട്ടത് എന്നായിരുന്നു മറുപടി. പരുക്കേറ്റ കശ്മീരിലെ ജനങ്ങൾക്ക് ആവശ്യമായ ചികിൽസ നൽകുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സംഘടനയുടെ പ്രസിഡന്റ് പ്രൊഫ. ഡോ. സഫർ ഇക്ബാൽ പറഞ്ഞു. ഇന്ത്യൻ സർക്കാർ പരുക്കേറ്റവർക്ക് പൂർണമായ ചികിൽസ നൽകുന്നില്ല. മൂന്നംഗ ഇന്ത്യൻ ഡോക്ടർമാരുടെ സംഘം പരുക്കേറ്റവരെ ചികിൽസിക്കാതെ ശ്രീനഗറിൽ നിന്നു തിരിച്ചു പോയെന്നും അദ്ദേഹം ആരോപിച്ചു.

ലഷ്‌കറെ തയിബ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണു പാക്കിസ്ഥാനിൽ ബദൽ സംഘടനയായി ജമാഅത്തുദ്ദഅവ (ജെയുഡി) രൂപീകരിക്കപ്പെട്ടത്. ഹാഫിസ് മുഹമ്മദ് സയിദ് ആണ് ഇതിന്റെ മേധാവി. 2008ലെ മുംബൈ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ, ലഷ്‌കറിന്റെ ഉപവിഭാഗമാണു ജെയുഡി എന്നു യുഎൻ രക്ഷാസമിതി വ്യക്‌തമാക്കിയിരുന്നു. ഹാഫിസ് സയിദിനെ പിടികൂടുന്നവർക്ക് ഒരുകോടി ഡോളർ പ്രതിഫലം യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പാക്കിസ്‌ഥാനിൽ സയിദിനു വിലക്കൊന്നുമില്ല.